ഭോപ്പാൽ:അതിർത്തി ജില്ലകളിലെ ശല്യക്കാരായ കാട്ടാനകളെ തുരത്താൻ തേനീച്ച പ്രയോഗം നടത്താനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. ആനകളെ തുരത്താൻ പ്രദേശങ്ങളിൽ തേനീച്ച പെട്ടികൾ സ്ഥാപിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. സിധി, സിങ്‌ഗ്രൗളി, ഷാഹ്‌ദോൾ, അനുപ്പൂർ, ഉമരിയ, ദിൻഡോരി, മണ്ഡ്‌ല എന്നീ ജില്ലകളിലെ ഗ്രാമങ്ങളിലുള്ളവർക്കാണ് പ്രത്യേക നിർദേശം നൽകിയിരിക്കുന്നത്.
ആനയ്‌ക്ക് തേനീച്ചപ്പേടി: ആനകൾക്ക് പൊതുവെ തേനീച്ചകളോട് ഭയമുണ്ട്. തുമ്പിക്കൈയിലും കണ്ണിലും തേനീച്ച കുത്തുമെന്നതിനാലാണിത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ, അതിന്‍റെ പ്രധാന 'ഹണി മിഷൻ' പരിപാടിയിലൂടെ, മൊറേന ജില്ലയിലെ 10 ഗുണഭോക്താക്കൾക്ക് 100 തേനീച്ച പെട്ടികൾ കഴിഞ്ഞ വർഷം വിതരണം ചെയ്‌തിരുന്നു. സംസ്ഥാനത്തിന്‍റെ കിഴക്കൻ ഭാഗത്തെ ആളുകൾക്കായി ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനായി പട്ടികപ്പെടുത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
പൊതുസമൂഹത്തിനിടയിൽ അവബോധം സൃഷ്‌ടിക്കുക പ്രധാനം:സംസ്ഥാന വനംവകുപ്പ് എൻജിഒകളുമായി ചേർന്ന് ആനകളെ മെരുക്കാനും തുരത്താനുമുള്ള തന്ത്രങ്ങളെക്കുറിച്ച് പ്രാദേശിക സമൂഹങ്ങൾക്കിടയിൽ അവബോധം സൃഷ്‌ടിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. കാട്ടാനശല്യമുള്ള പ്രദേശങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള എൻജിഒകളോട് പരിശീലനം നൽകാനും അവരുടെ അനുഭവങ്ങൾ പ്രാദേശിക സമൂഹങ്ങളുമായി പങ്കിടാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വന്യജീവി) ജെ എസ് ചൗഹാൻ പറഞ്ഞു. ഇതുകൂടാതെ ആനകളെ അകറ്റാൻ സെൻസിറ്റീവ് ഏരിയകളിൽ സോളാർ ഫെൻസിങ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആനകളെ തുരത്താനുള്ള തന്ത്രങ്ങൾ: മൃഗത്തെ കുറിച്ച് അല്‍പം ധാരണയും സംയമനവും പാലിച്ചാൽ ആളുകളുടെ ജീവനും സ്വത്തിനും നാശം സംഭവിക്കുന്നത് ഒരു പരിധി വരെ ഒഴിവാക്കാം. തീവ്ര വെളിച്ചം, പടക്കങ്ങൾ, മുളകുപൊടി പുരട്ടിയ ചാണക വരളി കത്തിക്കൽ, തേനീച്ചകൾ, ഡ്രം ഉപയോഗിച്ച് ഉച്ചത്തിൽ ശബ്‌ദം പുറപ്പെടുവിക്കുന്നത് പോലെയുള്ള തന്ത്രങ്ങൾ ഉപയോഗിച്ച് ആനകളെ തുരത്താൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആനകൾക്ക് നേരെ കല്ലെറിയുകയോ മറ്റോ ചെയ്‌ത് അവയെ പ്രകോപിപ്പിക്കരുതെന്നും പ്രദേശവാസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.