ഛത്തർപൂർ (മധ്യപ്രദേശ്) : അന്തരിച്ച മുൻ ആഭ്യന്തര മന്ത്രി രാംദയാൽ അഹിർവാറിന്‍റെ മൃതദേഹം കൊണ്ടുപോകാനായി ബിജെപി ഭരണകൂടം ആംബുലൻസ് അനുവദിച്ചില്ലെന്ന് കുടുംബം. ഇന്നലെ 10 മണിയോടെയാണ് മധ്യപ്രദേശ് മുൻ ആഭ്യന്തരമന്ത്രി രാംദയാൽ അഹിർവാർ മരിച്ചത്. ദീർഘനാളായി അസുഖത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സർക്കാർ അദ്ദേഹത്തിന്‍റെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് പോലും നൽകിയില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മധ്യപ്രദേശിലെ ഭാരതീയ ജനത പാർട്ടിയുടെ വളർച്ചയിൽ വലിയൊരു പങ്ക് വഹിച്ചയാളാണ് അദ്ദേഹം. എന്നാൽ, പാർട്ടിയിലെ ഒരു നേതാവ് പോലും അദ്ദേഹത്തിന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ എത്തിയിട്ടില്ല. മൃതദേഹം അദ്ദേഹത്തിന്‍റെ ജന്മനാടായ മഹാരാജ്‌പൂരിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് പോലും ഭരണകൂടം ക്രമീകരിച്ചില്ല. തുടർന്ന് 2,200 രൂപ നൽകി സ്വകാര്യ ആംബുലൻസിലാണ് മഹാരാജ്‌പൂരിലേക്ക് മൃതദേഹം കൊണ്ടുപോയതെന്നും അദ്ദേഹത്തിന്‍റെ കുടുംബം പറഞ്ഞു.
'ബിജെപി ഭാരവാഹികളും സർക്കാരും വളരെ അശ്രദ്ധരാണ്. ഈ ദുഃഖത്തിന്‍റെ സമയത്ത് അവർ ഞങ്ങളോടൊപ്പമില്ല. ഞങ്ങളുടെ പിതാവ് അവരോടൊപ്പമാണ് പ്രവർത്തിച്ചത്. അദ്ദേഹത്തിന്‍റെ മൃതദേഹം അന്ത്യകർമങ്ങൾക്കായി ജന്മനാടായ മഹാരാജ്‌പൂരിലേക്ക് കൊണ്ടുപോകേണ്ടതായിരുന്നു. എന്നാൽ, അതിന് ഭരണകൂടത്തിൽ നിന്ന് യാതൊരു ക്രമീകരണവും ഒരുക്കിയിരുന്നില്ല. ഭാരതീയ ജനതാ പാർട്ടിയുടെ സംഘടനയിൽ പങ്ക് വഹിച്ചിരുന്ന ഞങ്ങളുടെ അച്ഛൻ രാംദയാൽ അഹിർവാർ മഹാരാജ്‌പൂരിലെ മുതിർന്ന നേതാവും ആറ് തവണ എംഎൽഎയും രണ്ട് തവണ മാണ്ഡി പ്രസിഡന്‍റും ആയിരുന്ന വ്യക്തിയായിരുന്നു. എന്നാൽ പാർട്ടിയിലെ ഒരു നേതാവും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയില്ല. ഈ അവസാന നിമിഷത്തിൽ ഇങ്ങനെ കാണിക്കുന്നതിലൂടെ ഭാരതീയ ജനത പാർട്ടിയുടെ ഇരട്ട സ്വഭാവമാണ് പ്രകടമാകുന്നത്' എന്ന് രാംദയാൽ അഹിർവാറിന്‍റെ മക്കളും മരുമകളും ബിജെപിയെ രൂക്ഷമായി വിമർശിച്ചു.
ദലിത് നേതാവായിരുന്ന അദ്ദേഹം ബുന്ദേൽഖണ്ഡിലെ രാഷ്‌ട്രീയത്തിൽ പ്രത്യേക സ്വാധീനം ചെലുത്തിയ വ്യക്തിയാണ്. രാംദയാൽ രണ്ട് തവണ മന്ത്രിയും ആറ് തവണ നിയമസഭാംഗവും ആയിരുന്നു. ഛത്തർപൂർ എംഎൽഎ അലോക് ചതുർവേദിയും ബുന്ദേൽഖണ്ഡ് മേഖലയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ദീപ്‌തി പാണ്ഡെയും സംസ്ഥാന സർക്കാരിന്‍റെ ഈ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെ അപലപിച്ച് രംഗത്തെത്തി. ഇത് മനുഷ്യത്വരഹിതമായ പെരുമാറ്റമാണ്. ദീർഘകാലം പൊതുജനങ്ങൾക്കിടയിൽ പ്രവർത്തിച്ച ഒരു മുതിർന്ന നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ മരണത്തിൽ സർക്കാരിന് ഒരു ശവപ്പെട്ടി പോലും നൽകാൻ കഴിയുന്നില്ലെങ്കിൽ, അത് തീർച്ചയായും അവഗണനയും പരാജയവുമായി കണക്കാക്കും. ബിജെപിയുടെ വാക്കും പ്രവൃത്തിയും തമ്മിൽ വളരെ വ്യത്യാസമുണ്ടെന്നാണ് ഇത് തെളിയിക്കുന്നതാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.
അതേസമയം, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എക്‌സ് (നേരത്തെ ട്വിറ്റർ) അക്കൗണ്ടിൽ അനുശോചനം രേഖപ്പെടുത്തി. 'മുതിർന്ന ബിജെപി നേതാവും സംസ്ഥാന സർക്കാരിലെ മുൻ മന്ത്രിയുമായിരുന്ന ശ്രീ രാംദയാൽ അഹിർവാറിന്‍റെ വിയോഗ വാർത്തയിൽ ഏറെ വേദനിക്കുന്നു. സംസ്ഥാനത്തിന്‍റെ വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി അദ്ദേഹം നിരവധി പ്രവർത്തനങ്ങളാണ് ചെയ്‌തിട്ടുള്ളത്. അദ്ദേഹത്തിന്‍റെ അന്ത്യകർമ്മങ്ങൾ ഇന്ന് നടക്കും. അദ്ദേഹത്തിന്‍റെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് ദൈവത്തിന്‍റെ വിശുദ്ധ പാദങ്ങളിൽ ഇടം നൽകട്ടെ, ഓം ശാന്തി' ശിവരാജ് സിങ് ചൗഹാൻ കുറിച്ചു.