ഇന്‍ഡോര്‍: വ്യാജ ബിരുദത്തിന്‍റെ പേരിൽ മുൻ ഫയർ ഓഫിസർക്ക് നാല് വർഷം തടവും 12,000 രൂപ പിഴയും. മധ്യപ്രദേശ് ഫയർ ഡിപ്പാർട്ട്‌മെന്‍റിലെ മുൻ ചീഫ് സൂപ്രണ്ട് ബിഎസ് ടോംഗറിനെതിരെയാണ് പ്രാദേശിക കോടതിയുടെ വിധി. 30 വർഷത്തോളമാണ് മധ്യപ്രദേശിലെ അഗ്‌നിശമന സേനയില്‍ ഇയാൾ ഗസറ്റഡ് ഓഫിസറായി ജോലി ചെയ്‌തത്.
പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള ടോംഗറിനെതിരെ അഡീഷണൽ സെഷൻസ് ജഡ്‌ജി സഞ്ജയ് ഗുപ്‌തയുടേതാണ് വിധി. ഇന്ത്യൻ ശിക്ഷനിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് ചുമത്തിയത്. ഫയർ ഡിപ്പാർട്ട്‌മെന്‍റ് ഇൻസ്‌പെക്‌ടറുടെ പരാതിയിൽ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ലിയു) ടോംഗറിനെതിരെ കേസെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. വൈദ്യുതി വിതരണ യൂണിറ്റിൽ ലോവർ ഡിവിഷൻ ക്ലാർക്കായി (എൽഡിസി) ആദ്യം നിയമിച്ച ടോംഗർ ഡൽഹി സർക്കാർ, മധ്യപ്രദേശ് അഗ്നിശമന വിഭാഗത്തിലേക്ക് ഡെപ്യൂട്ടേഷനിൽ വന്നതാണ്.