ഹിന്ദുത്വ : അഞ്ചാം തവണയും അധികാരത്തിലേറാന്‍ മധ്യപ്രദേശില്‍ ബിജെപിയെ തുണച്ച ഘടകങ്ങളില്‍ പ്രധാനമാണ് ഹിന്ദുത്വയിലൂന്നിയുള്ള പ്രചണ്ഡ പ്രചാരണം. 90 ശതമാനം ഹിന്ദുക്കളുള്ള മധ്യപ്രദേശില്‍ സംഘപരിവാര്‍ ആശയാദര്‍ശങ്ങളുടെ പ്രചാരണം ബിജെപിക്കനുകൂലമായി വോട്ടുകളുടെ കേന്ദ്രീകരണം സാധ്യമാക്കി. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം അമ്പലങ്ങള്‍ കയറിയിറങ്ങുകയും ഹിന്ദുസമൂഹത്തിന് പൊള്ളയായ വാഗ്‌ദാനങ്ങള്‍ നല്‍കുകയുമാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് ആക്രമണം അഴിച്ചുവിടാനും പ്രചരിപ്പിക്കാനും ബിജെപി സംവിധാനങ്ങള്‍ക്ക് സാധിക്കുകയും ചെയ്‌തു. ഭരണവിരുദ്ധ വികാരമടക്കമുള്ളവയെ ഇത് മുന്‍നിര്‍ത്തി ചെറുക്കാന്‍ പാര്‍ട്ടിക്കായി.
തീവ്രദേശീയത : നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ലോകത്തിന് വിശ്വ ഗുരുവായി മാറുകയാണെന്ന സര്‍ക്കാര്‍ - ബിജെപി പ്രചാരണവും മധ്യപ്രദേശില്‍ ഫലവത്തായെന്ന് വോട്ടുകണക്കുകള്‍ സാക്ഷ്യം പറയുന്നു. ജി 20 പരിപാടിക്ക് വേദിയായതും കൊവിഡ് വാക്‌സിന്‍ വിതരണത്തിലെ ഇന്ത്യന്‍ മുന്നേറ്റവുമെല്ലാം രാജ്യത്തിന് വിശ്വഗുരു ഇമേജ് കല്‍പ്പിച്ചുനല്‍കുന്ന തരത്തിലേക്ക് ബിജെപി പ്രചാരണായുധമാക്കി. കയറ്റുമതിയിലടക്കം ലോകത്തിനുള്ള രാജ്യത്തിന്‍റെ സംഭാവനകളെ മുന്‍നിര്‍ത്തിയടക്കം മോദിയടക്കമുള്ള നേതാക്കള്‍ പലകുറി പ്രചാരണറാലികളില്‍ സംസാരിച്ചിരുന്നു.
മോദി ഇഫക്‌ട് :ശക്തനായ നേതാവെന്ന മോദി പ്രതിഛായയെ പരമാവധി ഉപയോഗപ്പെടുത്താനും പ്രചാരണഘട്ടങ്ങളില്‍ പാര്‍ട്ടിസംവിധാനം ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ റാലികളിലെ ജനസാമാന്യം അത് ഗുണംകണ്ടതിന്‍റെ ഉത്തമ ദൃഷ്ടാന്തവുമായി. പ്രാദേശിക നേതാക്കളെ അപ്രസക്തരാക്കി മോദിയെ അതാത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നായകനാക്കുന്ന പതിവുതന്ത്രം മധ്യപ്രദേശിലും ബിജെപി ഫലപ്രദമാക്കി. ബിജെപിക്കുള്ള വോട്ട് മോദിക്കുള്ളതായി ചിത്രീകരിച്ചുള്ള പ്രചാരണങ്ങളും അദ്ദേഹത്തെ എത്തിച്ചുള്ള വമ്പന്‍ റാലികളും സംസ്ഥാനത്തിന്‍റെ രാഷ്ട്രീയ മണ്ഡലത്തെ ഇളക്കിമറിക്കുന്നതുമായി.
ട്രംപ്‌കാര്‍ഡുകളായി ജനക്ഷേമ പദ്ധതികള്‍ : പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളുടെ അക്കൗണ്ടുകളില്‍ പ്രതിമാസം 1250 രൂപ ലഭ്യമാക്കുന്നതാണ് ലാഡ്‌ലി ബെഹ്‌ന യോജന. ഈ പദ്ധതി ബിജെപി വിജയത്തില്‍ നിര്‍ണായകമായി. സാധാരണക്കാരുടെ അതിജീവനത്തില്‍ ഗുണഫലങ്ങള്‍ ഉളവാക്കുന്ന ഈ സ്‌കീം പ്രചാരണഘട്ടങ്ങളിലെല്ലാം ബിജെപി ഉയര്‍ത്തിക്കാട്ടിയിരുന്നു. തങ്ങളുടെ വിജയത്തില്‍ ഈ പദ്ധതി നിര്‍ണായകമാകുമെന്ന് ശിവരാജ് സിങ് ചൗഹാന്‍ നേരത്തേ പറഞ്ഞുവച്ചിട്ടുമുണ്ട്. 2023 ജനുവരിയിലാണ് പദ്ധതി ആരംഭിക്കുന്നത്. രണ്ടരലക്ഷത്തില്‍ കുറവ് വാര്‍ഷിക വരുമാനമുള്ള 23 മുതല്‍ 60 വയസ്സുവരെയുള്ള സ്ത്രീകളുടെ അക്കൗണ്ടുകളിലേക്കാണ് പണമെത്തുന്നത്. ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കുതന്ത്രമാണെന്ന കോണ്‍ഗ്രസ് പ്രചാരണം വിലപ്പോയില്ലെന്ന് ഫലത്തില്‍ പ്രകടമാണ്.