ഭോപ്പാൽ: മധ്യപ്രദേശിൽ 28 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 8.30ഓടെ ആദ്യ ഫലം പുറത്തുവരും. ഈ മാസം മൂന്നിനാണ് മധ്യപ്രദേശിൽ 28 സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നത്. 230 അംഗങ്ങളുള്ള നിയമസഭയിൽ 116 സീറ്റിന്‍റെ കേവലഭൂരിപക്ഷമാണ് വിജയിക്കാൻ ആവശ്യമായുള്ളത്. രാജ്യം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജോതിരാദിത്യ സിന്ധ്യയുടെ രാഷ്‌ട്രീയ ഭാവിയെ സ്വാധീനിക്കുന്നുണ്ട്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടമെന്നതിലുപരി കമൽനാഥും സിന്ധ്യയും തമ്മിലുള്ള മത്സരമാണിതെന്നതും മധ്യപ്രദേശിലേക്ക് എല്ലാ ശ്രദ്ധയും ആകർഷിക്കുന്നു.
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്
മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ 8.30ഓടെ ആദ്യ ഫലം പുറത്തുവരും.
നിലവിൽ ബിജെപിക്ക് 107 സീറ്റുള്ളപ്പോൾ നേതാക്കളുടെ കൂറുമാറ്റത്തിലൂടെ കോൺഗ്രസിന് 88 സീറ്റായി കുറഞ്ഞു. കൂടാതെ, ബിഎസ്‌പി രണ്ടും, എസ്‌പിക്ക് ഒന്നും, സ്വതന്ത്ര എംഎൽഎമാരുടേതായി നാല് സീറ്റുകളുമാണ് ഉള്ളത്. ബിജെപിക്ക് മധ്യപ്രദേശിൽ ആവശ്യമായുള്ളത് ഒമ്പത് സീറ്റുകളാണ്. സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിച്ചാൽ രാഷ്രീയ നാടകങ്ങളിലൂടെ ഭരണം പിടിച്ച ബിജെപിക്ക് ഭരണം തുടരാൻ അഞ്ച് സീറ്റുകൾ മാത്രമാണ് വേണ്ടത്. അതേ സമയം, അധികാരം നഷ്‌ടപ്പെട്ട കോൺഗ്രസിന് 28 സീറ്റുകളിലും വിജയം കണ്ടെത്തിയാൽ മാത്രമേ കേവലഭൂരിപക്ഷം നേടാനാകൂ. ബിഎസ്‌പിയുടെയും എസ്‌പിയുടെയും സ്വതന്ത്രരുടെയും പിന്തുണ കൂടി ലഭിച്ചാലും 21 സീറ്റുകൾ പിടിച്ചെടുക്കുകയെന്നത് കോൺഗ്രസിന് വെല്ലുവിളി ഉയർത്തുന്നു.
നവംബർ മൂന്നിന് നടന്ന ഉപതെരഞ്ഞെടുപ്പിൽ 18 സീറ്റുകളിൽ 16 എണ്ണം ബിജെപി നേടുമെന്നും 12 സീറ്റുകളിൽ 10 എണ്ണമായി കോൺഗ്രസ് ചുരുങ്ങുമെന്നുമാണ് വിവിധ വാർത്താ മാധ്യമങ്ങൾ പ്രവചിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണയ്ക്കുന്ന 22 എംഎൽഎമാർ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നതിനെ തുടർന്ന് കമൽനാഥ് സർക്കാർ നിലംപതിച്ചു. പിന്നീട്, ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുകയും മൂന്ന് എംഎൽഎമാർ കൂടി സിന്ധ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജിവക്കുകയും ചെയ്‌തു. ഇതിന് പുറമെ, സംസ്ഥാനത്തെ രണ്ട് കോൺഗ്രസ് എംഎൽഎമാരും ഒരു ബിജെപി എംഎൽഎയും ഉൾപ്പടെ മൂന്ന് എംഎൽഎമാർ അന്തരിച്ചു. ഇതോടെ, മധ്യപ്രദേശിൽ 28 നിയമസഭാ മണ്ഡലങ്ങളിൽ ഒഴിവ് വരികയായിരുന്നു.