ഭോപ്പാൽ:മധ്യപ്രദേശിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ആധിപത്യം നിലനിര്‍ത്താനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി. കോൺഗ്രസും മറ്റ് പാർട്ടികളും കൈവശം വച്ചിരിക്കുന്ന 103 സീറ്റുകളടക്കം പിടിച്ചെടുക്കാനാണ് 'കാവി പാര്‍ട്ടിയുടെ' ലക്ഷ്യം. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് 'ദേശീയത' ഫോർമുല ബലപ്പെടുത്തി കളംപിടിക്കാന്‍ രാജ്യത്തുടനീളമുള്ള കവികളേയും എഴുത്തുകാരേയും കൂടെ കൂട്ടാനാണ് ബിജെപി ഉന്നമിടുന്നത്.
തുടക്കത്തിൽ, ഓരോ നിയമസഭ സീറ്റുകളിലും കവി സമ്മേളനങ്ങളാണ് ബിജെപി ആസൂത്രണം ചെയ്‌തിരിക്കുന്നത്. പാര്‍ട്ടി നേരിട്ട് ഇറങ്ങിയല്ല ഈ പരിപാടികൾ സംഘടിപ്പിക്കുക എന്നാണ് വിവരം. നിരവധി സാമൂഹിക സംഘടനകളേയും എൻജിഒകളേയും ഈ പരിപാടികൾ സംഘടിപ്പിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന നിയമസഭയിലെ 103 സീറ്റുകൾ കൂടെ സ്വന്തമാക്കി സംസ്ഥാനം കൈവിടാതിരിക്കാനുള്ള ശക്തമായ ശ്രമമാണ് കാവി പാര്‍ട്ടി നടത്തുന്നത്.
ബിജെപിയുടെ 'കന്നി തന്ത്രത്തിനെതിരെ' കോണ്‍ഗ്രസ്:അയോധ്യ രാമക്ഷേത്രം, മുത്തലാഖ്, ആർട്ടിക്കിൾ 370 തുടങ്ങിയ നിരവധി വിഷയങ്ങൾ ഉൾപ്പെടുത്തി ദേശസ്‌നേഹവും ദേശീയതയുമൊക്കെ വിഷയമാക്കാനാണ് ബിജെപി ശ്രമം. ഇത് സംബന്ധിച്ച രചനകൾ ഒരുക്കാനാണ് കവികളോടും എഴുത്തുകാരോടും ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന് പുറമെ, ഇരട്ട എൻജിൻ സർക്കാരിന്‍റെ നേട്ടങ്ങളും പ്രധാന പ്രചാരണ ആയുധമാക്കും. ഇതിന് പുറമെ സോഷ്യല്‍ മീഡിയ പ്രചാരണം ശക്തിപ്പെടുത്താന്‍ പ്രത്യേകം ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. ഇതാദ്യമായാണ് സംസ്ഥാന ഭരണകക്ഷി, തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കവികളെയും എഴുത്തുകാരെയും അണിനിരത്തുന്നത്.