ഭോപ്പാല്‍ :മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ (Madhya Pradesh Assembly election 2023) മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പോളിങ് കൂടിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചു. ഇത്തവണ 77.82 ശതമാനം പോളിങ് നടന്നതായി മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അനുപം രാജന്‍ വ്യക്തമാക്കി. 2018 നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ്ങിനെക്കാള്‍ 2.19 ശതമാനം കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയതായി അദ്ദേഹം അറിയിച്ചു.
നവംബര്‍ 17 ന് നടന്ന വോട്ടെടുപ്പില്‍ ബിജെപി അധികാരം നിലനിര്‍ത്താന്‍ ഇടയുണ്ടെന്നാണ് എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചന (Madhya Pradesh Assembly election exit poll result). 230 മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടമായിരുന്നു കണ്ടത്. എബിപിസി വോട്ടര്‍ സര്‍വേ കോണ്‍ഗ്രസിന് 125 സീറ്റും ഭരണ കക്ഷിയായ ബിജെപിക്ക് 100 സീറ്റുമാണ് പ്രവചിച്ചത്.
ഇന്ത്യ ടിവി സി എന്‍ എക്‌സ് എക്‌സിറ്റ് പോള്‍ ബിജെപി 140 മുതല്‍ 159 സീറ്റ് വരെ നേടുമെന്ന് പ്രവചിക്കുന്നു. ഇന്ത്യ റ്റുഡേ - ആക്‌സിലസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ബിജെപി 151 സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു. ടുഡേസ് ചാണക്യ എക്‌സിറ്റ് പോളും ബിജെപി 151 സീറ്റ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
എക്‌സിറ്റ് പോളുകള്‍ നല്‍കുന്ന സൂചനകള്‍ ഫലിച്ചാല്‍ ബിജെപി നേതാക്കള്‍ വരെ എഴുതിത്തള്ളിയിടത്തു നിന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പാകും അത് (Madhya Pradesh election 2023 result). എല്ലാ മാസവും സ്‌ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 1250 രൂപ നിക്ഷേപിക്കുന്ന ലാഡ്‌ലി ബെഹ്‌ന യോജന ആകാം മധ്യപ്രദേശില്‍ വന്‍ തോതില്‍ സ്ത്രീ വോട്ടര്‍മാര്‍ ബിജെപിക്ക് അനുകൂലമായി ചിന്തിക്കാന്‍ ഇടയാക്കിയതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ത്തന്നെ വിലയിരുത്തി തുടങ്ങിയിട്ടുണ്ട്.
പോളിങ് ശതമാനത്തിലുണ്ടായ വര്‍ധനവിന് കാരണം സ്ത്രീകള്‍ വന്‍ തോതില്‍ വോട്ട് ചെയ്യാന്‍ എത്തിയതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മധ്യപ്രദേശിലെ 2.71 കോടി സ്ത്രീ വോട്ടര്‍മാരില്‍ 1.32 കോടി പേരും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു തൊട്ടു മുമ്പാണ് പദ്ധതിയിലെ പ്രതിമാസ തുക 1000 ആയിരുന്നത് 1250 ആയി ശിവരാജ് സിങ് ചൗഹാന്‍ വര്‍ധിപ്പിച്ചത്.
ഭാവിയില്‍ ഇത് 3000 രൂപയാക്കുമെന്ന വാഗ്‌ദാനവും അദ്ദേഹം നല്‍കിയിരുന്നു. അതേസമയം എക്‌സിറ്റ് പോളുകളില്‍ വിശ്വസിക്കേണ്ടെന്നും വിജയം ഉറപ്പാണെന്നുമുള്ള നിലപാടിലാണ് കോണ്‍ഗ്രസ്.
Also Read:ഛത്തീസ്‌ഗഡ് ഉറപ്പിച്ച് കോൺഗ്രസ്, മധ്യപ്രദേശിലും രാജസ്ഥാനിലും ഇഞ്ചോടിഞ്ച് : തെലങ്കാനയില്‍ ഒവൈസിയും ബിജെപി വോട്ടും വിധി പറയും