ന്യൂഡല്‍ഹി:കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂരിന്‍റെ സംഘത്തിന് ഇരട്ടമുഖമെന്ന് കുറ്റപ്പെടുത്തി ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്‌ത്രി. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നിലും മാധ്യമങ്ങള്‍ക്ക് മുന്നിലും തരൂരിന്‍റെ ടീമിന് രണ്ട് മുഖമുണ്ടായിരുന്നതായാണ് മധുസൂദന്‍ മിസ്‌ത്രിയുടെ കുറ്റപ്പെടുത്തല്‍. അതേസമയം എഐസിസി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും ക്രമക്കേടുകളും തള്ളുന്നതായും അദ്ദേഹം അറിയിച്ചു.
"എനിക്ക് മുന്നില്‍ നിങ്ങള്‍ക്ക് ഒരു മുഖമായിരുന്നുവെന്ന് പറയുന്നതില്‍ ഖേദമുണ്ട്. സംവദിച്ച വിഷയങ്ങളിലെല്ലാം ഞങ്ങളുടെ മറുപടികളിലും പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ സന്തുഷ്‌ടരായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഈ ആരോപണങ്ങളെല്ലാം ഞങ്ങള്‍ക്ക് എതിരായി മാറി" എന്ന് തരൂരിന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്‍റായ സല്‍മാന്‍ സോസിന് അയച്ച കത്തില്‍ അദ്ദേഹം അറിയിച്ചു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് 'അതിഗുരുതരമായ ക്രമക്കേട്' എന്നതുള്‍പ്പടെ തരൂരിന്‍റെ സംഘത്തിന്‍റെ പരാതിയിലെല്ലാം തന്നെ തെരഞ്ഞെടുപ്പ് സമിതി സംതൃപ്‌തരായിരുന്നു. എന്നാല്‍ ഇവയെല്ലാം തന്നെ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് മുമ്പാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയതെന്നും മിസ്‌ത്രി പറഞ്ഞു.
വേട്ടെണ്ണലിന്‍റെ തലേദിവസമാണ് ഉത്തര്‍പ്രദേശിലെ വേട്ടെടുപ്പില്‍ അതിഗുരുതര ക്രമക്കേട് നടന്നെന്ന് കാണിച്ച് തരൂര്‍ ക്യാമ്പ് തെരഞ്ഞെടുപ്പ് സമിതിക്ക് കത്തെഴുതിയത്. കൂടാതെ ഉത്തര്‍പ്രദേശിലെ മുഴുവന്‍ വോട്ടും അസാധുവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പഞ്ചാബിലെയും തെലങ്കാനയിലെയും ഇലക്ഷന്‍ നടത്തിപ്പിലും 'സുപ്രധാന പ്രശ്‌നങ്ങള്‍' എന്ന രീതിയില്‍ വാദം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് ഉത്തര്‍പ്രദേശിലെ ഇലക്ഷന്‍ പ്രക്രിയ 'വിശ്വാസ്യതയും സത്യസന്ധതയില്ലാത്തതുമാക്കിയെന്നും' മിസ്‌ത്രി കത്തില്‍ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.