ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ അമ്പതിലധികം രാജ്യങ്ങള്‍ക്ക് നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ- സ്വീഡന്‍ വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വീഡന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്‌വെനും ഉച്ചകോടിയില്‍ പങ്കെടുത്തു. സ്വീഡനില്‍ കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അര്‍പ്പിച്ചു.
കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഇന്ത്യ ഇതിനകം 150ലധികം രാജ്യങ്ങള്‍ക്ക് മരുന്നുകളും മറ്റു അവശ്യവസ്‌തുക്കളും വിതരണം ചെയ്‌തിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ ഭാഗമായി ഏഷ്യ, തെക്ക് കിഴക്കന്‍ ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരുമായി തങ്ങളുടെ അനുഭവങ്ങളും പങ്കുവെക്കാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. ഇതുവരെ അമ്പതിലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ കൊവിഡ് വാക്‌സിന്‍ എത്തിച്ചുവെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.