ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ എംപിമാര്‍ ഹാജരാകണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ജനപ്രതിനിധികള്‍ എന്ന നിലയിലുള്ള യാതൊരു പ്രത്യേക അധികാരവും എംപിമാര്‍ ഉപയോഗിക്കരുതെന്നും നിയമം അനുസരിക്കുന്ന പൗരന്മാർ എന്ന നിലയിൽ, നിയമത്തെയും നിയമ നടപടികളെയും മാനിക്കണമെന്നും രാജ്യസഭ അധ്യക്ഷൻ പറഞ്ഞു. പാര്‍ലമെന്‍റ് സമ്മേളനം നടക്കുമ്പോള്‍ ഇഡി സമന്‍സ് അയച്ച സംഭവത്തില്‍ രാജ്യസഭ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ മല്ലികാർജുൻ ഖാർഗെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് സഭ അധ്യക്ഷന്‍റെ പ്രസ്‌താവന.
ക്രിമിനല്‍ കേസുകളില്‍ എംപിമാര്‍ക്ക് പ്രത്യേക അധികാരമില്ല, ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകണം; രാജ്യസഭ അധ്യക്ഷൻ - എംപിമാരുടെ പ്രത്യേക അധികാരം
ക്രിമിനല്‍ കേസുകളില്‍ അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യാന്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ എംപിമാര്‍ ഹാജരാകണമെന്നും ഹാജരാകാതിരിക്കാന്‍ ജനപ്രതിനിധികള്‍ക്ക് പ്രത്യേക അധികാരമില്ലെന്നും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു.
പാർലമെന്‍റ് സമ്മേളനം നടക്കുന്ന സമയത്താണ് അന്വേഷണ ഏജന്‍സികള്‍ ഹാജരാകാന്‍ ആവശ്യപ്പെടുന്നതെങ്കില്‍ തങ്ങളുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏജന്‍സിക്ക് മുന്നില്‍ ഹാജരാകേണ്ടതില്ലെന്ന് ജനപ്രതിന്ധികള്‍ക്ക് തെറ്റായ ധാരണയുണ്ടെന്നും നായിഡു കുറ്റപ്പെടുത്തി. ക്രിമിനല്‍ കേസുകളില്‍ ഒരു സാധാരണ പൗരനുള്ള അതേ അവകാശമാണ് ജനപ്രതിനിധിക്കുമുള്ളത്, എന്നാല്‍ സിവില്‍ കേസുകളില്‍ അറസ്റ്റുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ക്ക് ചില പ്രത്യേക അധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് ഇഡി സമന്‍സ് അയച്ചത്. പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്താൻ ഇഡി പോലുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് ഖാർഗെ സഭയില്‍ ആരോപിച്ചു.