ചെന്നൈ: റോഡപകടത്തിൽപ്പെട്ടവർക്ക് അടുത്ത 48 മണിക്കൂർ സൗജന്യമായി അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കി തമിഴ്‌നാട് സർക്കാർ. 'നമ്മെ കാക്കും 48' പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച മേൽമരുവത്തൂരിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിർവഹിച്ചു.
പദ്ധതിയിലൂടെ തമിഴ്‌നാട്ടിലെ ഏത് ഭാഗത്തും അപകടത്തിൽപ്പെടുന്നവരുടെ ആദ്യ 48 മണിക്കൂർ ചികിത്സ ചെലവ് സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് മാത്രമല്ല, ഏത് സംസ്ഥാനത്ത് നിന്നുള്ളവർക്കും പദ്ധതിയുടെ പ്രയോജനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ:ഈ ഓഫീസിൽ ഹെൽമെറ്റ് വെച്ച് ജോലിക്കെത്തണം!.. തല വേണമെങ്കില്‍....
ഏത് റോഡപകടങ്ങളിലും ആദ്യത്തെ കുറച്ച് മണിക്കൂറകൾ അപകടത്തിൽപ്പെട്ടയാളെ ചികിത്സിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണ്. എന്നാൽ പ്രധാനമായും അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് സർക്കാർ ആശുപത്രികൾ വളരെ അകലെയായതിനാൽ പരിക്കേറ്റവരെ എത്തിക്കുന്നതിന് അധികസമയം എടുക്കേണ്ടതായി വരുന്നു.
അതേസമയം പുതിയ പദ്ധതി പ്രകാരം ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ചുകൊണ്ടുതന്നെ ആദ്യഘട്ട ചികിത്സ സൗജന്യമായി ലഭ്യമാക്കാൻ സാധിക്കും. ചികിത്സ ചെലവ് തമിഴ്‌നാട് സർക്കാർ തന്നെ വഹിക്കും. രാജ്യത്തെ തന്നെ ഒരു മികച്ച പദ്ധതിയായിരിക്കും ഇതെന്നും സ്റ്റാലിൻ പറഞ്ഞു.