ചെന്നൈ:സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തും ലൈക്ക പ്രൊഡക്ഷന്‍സും വീണ്ടും ഒന്നിക്കുന്നു. തന്‍റെ 170-ാം സിനിമയ്‌ക്ക് വേണ്ടിയാണ് രജനികാന്ത് ലൈക്ക പ്രൊഡക്ഷന്‍സുമായി ഒന്നിക്കുന്നത്. സ്ഥാപകന്‍ സുബാസ്‌ക്കരന്‍ അല്ലിരാജയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പ്രൊഡക്ഷന്‍ ഹൗസ് ഈ വലിയ പ്രഖ്യാപനം നടത്തിയത്.
ലൈക്ക പ്രൊഡക്ഷന്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. നിര്‍മാതാക്കള്‍ പറയുന്നതനുസരിച്ച്, നിലവില്‍ പേരിടാത്ത പ്രോജക്‌ടിന്‍റെ സംവിധാനം നിര്‍വഹിക്കുക, 'ജയ് ഭീം' സംവിധായകന്‍ ടിജെ ജ്ഞാനവേല്‍ ആണ്. അനിരുദ്ധ് ആണ് സംഗീതം ഒരുക്കുക. സുബാസ്‌ക്കരന്‍ നിര്‍മാണവും നിര്‍വഹിക്കും.
'തലൈവര്‍ 170ന് വേണ്ടി സൂപ്പര്‍സ്‌റ്റാര്‍ രജനികാന്തുമായുള്ള ഞങ്ങളുടെ അടുത്ത പ്രോജക്‌ട് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. നിരൂപക പ്രശംസ നേടിയ ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുമ്പോള്‍, സെന്‍സേഷണല്‍ റോക്ക്‌സ്റ്റാര്‍ അനിരുദ്ധ് ആണ് സിനിമയുടെ സംഗീതം'-ഇപ്രകാരമായിരുന്നു ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ട്വീറ്റ്.
രജനികാന്ത്, ടിജെ ജ്ഞാനവേല്‍, അനിരുദ്ധ് എന്നിവരെ ടാഗ് ചെയ്‌ത് കൊണ്ടുള്ളതായിരുന്നു ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ട്വീറ്റ്. നിര്‍മാതാവ് ജികെഎം തമിഴ് കുമാരന്‍റെ നേതൃത്വത്തില്‍ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും 2024ല്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
'നിരവധി വിജയകരമായ പ്രോജക്‌ടുകള്‍ക്ക് ശേഷം ഒരിക്കല്‍ കൂടി തലൈവര്‍ രജനികാന്തുമായി ഒന്നിക്കുന്നതില്‍ ലൈക്ക ഗ്രൂപ്പിന് അങ്ങേയറ്റം സന്തോഷവും ആദരവുമുണ്ട്. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളോടും ആശംസകളോടും കൂടി, എല്ലാ ആരാധകരെയും സന്തോഷിപ്പിക്കുന്ന തരത്തില്‍ ഈ സിനിമ എല്ലാ ഉന്നതിയിലും എത്തുമെന്ന് ഞങ്ങള്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു' -ലൈക്ക പ്രൊഡക്ഷന്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ കുറിച്ചു.
2018ല്‍ 'എന്തിരന്‍', എന്തിരന്‍റെ രണ്ടാം ഭാഗം '2.0' (2010), 'ദര്‍ബാര്‍' (2020) എന്നിവയാണ് ലൈക്ക പ്രൊഡക്ഷന്‍സുമായുള്ള രജനികാന്തിന്‍റെ മുന്‍ ചിത്രങ്ങള്‍.
Also Read:'സൂര്യനും തടയാനായില്ല' ; മക്കളായ യാത്രയുടെയും ലിംഗയുടെയും സ്‌പോർട്‌സ് ദിനചിത്രങ്ങൾ പങ്കുവച്ച് ഐശ്വര്യ രജനികാന്ത്