ഛണ്ഡീഗഢ്:പഞ്ചാബ് ലുധിയാനയിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും 8.5 കോടി കൊളളയടിച്ച് കടന്നുകളഞ്ഞ പ്രതികളുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞു. കവര്‍ച്ചയെ കുറിച്ച് അന്വേഷിക്കുന്ന പൊലീസിന് മുല്ലപ്പൂർ ടോൾ പ്ലാസയുടെ രണ്ടാം നമ്പര്‍ ഗേറ്റ് രണ്ട് കാറുകള്‍ തകര്‍ത്തുപോയി എന്ന വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
രണ്ട് കാറുകളാണ് ടോള്‍ പ്ലാസയുടെ ഗേറ്റുകള്‍ തകര്‍ത്തതെന്ന് പൊലീസ് കണ്ടെത്തി. ധനകാര്യ സ്ഥാപനത്തില്‍ നിന്നും എട്ടരക്കോടി രൂപ കൊള്ളയടിച്ച പ്രതികള്‍ സഞ്ചരിച്ച വാഹനമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഈ വാഹനങ്ങളുടെ ഉടമകളായ മൂന്ന് പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. മോഗ സ്വദേശികളായ ഇവരെ കോട്ടക്‌പുരയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആയുധവുമായെത്തി എട്ടരക്കോടി കവര്‍ന്നു:ഇക്കഴിഞ്ഞ ശനിയാഴ്‌ച (ജൂണ്‍ 10) പുലര്‍ച്ചെയാണ് ലുധിയാനയിലെ രാജ്‌ഗുരു നഗറില്‍ പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനത്തില്‍ നിന്നും എട്ടരക്കോടി കവര്‍ച്ച ചെയ്യപ്പെട്ടത്. ഒരു സ്ത്രീയടക്കം പത്തോളം പേര്‍ അടങ്ങുന്ന സംഘമായിരുന്നു കവര്‍ച്ചയ്‌ക്ക് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആയുധങ്ങളുമായെത്തിയാണ് ഇവര്‍ കൃത്യം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തുടര്‍ന്ന് കവര്‍ച്ച സംഘം ധനകാര്യ സ്ഥാപനത്തിലെ വാനിലാണ് രക്ഷപ്പെട്ടത്. ഓഫിസില്‍ ഉണ്ടായിരുന്ന സിസിടിവി ക്യാമറകളുടെ ഡിവിആറും പ്രതികള്‍ കൊണ്ട് പോയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പണവുമായി പ്രതികള്‍ കടന്ന വാന്‍ പിന്നീട് അന്വേഷണ സംഘം കണ്ടെത്തി.
ഫിറോസ്‌പൂർ റോഡിലെ പണ്ടോരി ഗ്രാമത്തിന് സമീപത്ത് നിന്നായിരുന്നു പൊലീസ് ഈ വാഹനം കണ്ടെത്തിയത്. ലുധിയാനയിൽ നിന്ന് ഫിറോസ്‌പൂരിലേക്കുള്ള യാത്രാമധ്യേ പ്രതികള്‍ ഈ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.