ലഖ്‌നൗ:വളര്‍ത്തുനായയുടെ ആക്രമണത്തില്‍ മുന്‍ അധ്യാപിക മരിച്ചു. ഉത്തര്‍പ്രദേശിലെ കൈസർബാഗിലുണ്ടായ സംഭവത്തില്‍ സാവിത്രി (82) എന്ന വയോധികയ്‌ക്കാണ് ദാരുണാന്ത്യം. ആശുപത്രിയിൽ എത്തിച്ചെങ്കിലും അമിതമായി രക്തം നഷ്‌ടപ്പെട്ടതിനെ തുടർന്ന് ജീവന്‍ രക്ഷിക്കാനായില്ല.
ജിംനേഷ്യത്തില്‍ പരിശീലകനായ 25 വയസുള്ള മകനൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇയാള്‍ ജോലിക്ക് പോയ സമയത്താണ് സംഭവം. പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്. പുറമെ, ഇവര്‍ക്ക് ലാബ്രഡോർ ഇനത്തില്‍പ്പെട്ട നായയുമുണ്ട്. നായ്‌ക്കളുടെ കുരയും സാവിത്രിയുടെ കരച്ചിലും കേട്ടതിനെ തുടര്‍ന്ന് അയൽവാസികൾ ഓടിച്ചെന്ന് നോക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
വാതില്‍ പൂട്ടിയതിനാല്‍ അകത്ത് കയറാന്‍ കഴിഞ്ഞില്ല. ഇക്കാരണത്താല്‍, പ്രദേശവാസികള്‍ മകനെ വിളിച്ച് വരുത്തുകയായിരുന്നു. ഈ സമയത്ത് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു സ്‌ത്രീ. അയൽവാസികളുടെ സഹായത്തോടെ മകന്‍, വയോധികയെ ഇരുചക്ര വാഹനത്തിൽ ബൽറാംപുർ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന്, അവിടെ നിന്ന് കെ.ജി.എം.യു ട്രോമ സെന്‍ററില്‍ പ്രവേശിപ്പിച്ചു.
കഴുത്ത്, അടിവയര്‍, കാലുകള്‍ എന്നിവിടങ്ങളില്‍ നായയുടെ പല്ലുകള്‍ ആഴത്തില്‍ കൊണ്ടതായി ട്രോമ സെന്‍ററിലെ മുതിർന്ന ഡോക്‌ടർമാർ പറഞ്ഞു. തങ്ങൾ പരമാവധി ശ്രമിച്ചെങ്കിലും അമിത രക്ത സ്രാവമാണ് മരണ കാരണമെന്ന് ഡോക്‌ടർമാർ അറിയിച്ചു. മൂന്ന് വർഷമായി രണ്ട് നായകളും കുടുംബത്തോടൊപ്പം ഉണ്ടായിരുന്നെങ്കിലും ശത്രുത കാണിച്ചതായി കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സ്‌ത്രീയുടെ പോസ്റ്റ്‌മോർട്ടം നടത്തി.