ലഖ്‌നൗ : ഓണ്‍ലൈന്‍ ഭക്ഷണം ഓർഡർ ചെയ്യുന്നതിനും ഹോസ്റ്റല്‍ മുറിയില്‍ ഹീറ്റര്‍ ഉപയോഗിക്കുന്നതിനും വിദ്യാർഥികൾക്ക് വിലക്കേർപ്പെടുത്തി ലഖ്‌നൗവിലെ ഡോ. റാം മനോഹർ ലോഹ്യ ദേശീയ നിയമ സര്‍വകലാശാല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. വിലക്ക് ലംഘിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്‌താല്‍ 100 രൂപയും പുറമെ ഹോസ്റ്റല്‍ മുറിയിൽ ഹീറ്റർ ഉപയോഗിച്ചാല്‍ 1000 രൂപയും പിഴയായി ചുമത്താനാണ് നീക്കം.
അതേസമയം, സംഭവം വിവാദമായതോടെ ഇതിനെ ന്യായീകരിച്ച് യൂണിവേഴ്‌സിറ്റി വക്താവ് ഡോ. അപർണ സിങ് രംഗത്തെത്തി. 'രാജ്യത്തെ മറ്റ് സർവകലാശാലകളിൽ നിന്ന് വ്യത്യസ്‌തമായൊരു നിയമം ഒന്നുമല്ല ഇവിടെ നടപ്പിലാക്കിയത്. ആരോഗ്യത്തോടെയിരിക്കാൻ വേണ്ടിയാണ് ഹോസ്റ്റൽ കാന്‍റീനില്‍ നിന്ന് ഭക്ഷണം കഴിക്കാൻ ഞങ്ങൾ വിദ്യാർഥികളോട് ആവശ്യപ്പെട്ടത്. വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് ഹീറ്റര്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ പറഞ്ഞത്'. - വക്താവിന്‍റെ വിശദീകരണം ഇങ്ങനെയായിരുന്നു.