ലഖ്‌നൗ:ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം. ഗോരഖ്‌പൂര്‍ ഹൈവേയിലെ അയോധ്യ കോട്‌വാലി മേഖലയിലാണ് അപകടം. അപകടത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് സൂചന.
ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് മരണം, നാല്‍പതോളം പേര്‍ക്ക് പരിക്ക്
ഗോരഖ്‌പൂര്‍ ഹൈവേയിലെ അയോധ്യ കോട്‌വാലിയില്‍ ആണ് അപകടം ഉണ്ടായത്.
അയോധ്യയില്‍ നിന്നും യാത്രക്കാരുമായെത്തിയ സ്വകാര്യ ബസ് അംബേദ്‌കര്‍ നഗറിലേക്ക് പോകാനായി ഹൈവേയിലെ വളവ് തിരിയുന്നതിനിടെ എതിര്‍ ദിശയിലെത്തിയ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ട്രക്ക് തലകീഴായി മറിഞ്ഞു. അയോധ്യ ചീഫ് മെഡിക്കൽ ഓഫിസർ ഡോ.അജയ് രാജയാണ് അപകടത്തില്‍ ഏഴ് പേര്‍ മരിച്ചെന്നും നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമുള്ള വിവരം സ്ഥിരീകരിച്ചത്.
പരിക്കേറ്റവരുടെ ചികിത്സയ്‌ക്കായി പന്ത്രണ്ടോളം ആംബുലന്‍സുകള്‍ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്ന് ജില്ല മജിസ്‌ട്രേറ്റ് നിതീഷ് കുമാര്‍ അറിയിച്ചു. ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാന്‍ ജില്ല ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.