ന്യൂഡൽഹി: "ലവ് ജിഹാദ്" എന്നത് രാജ്യത്തെ ഭിന്നിപ്പിക്കാനും സാമുദായിക ഐക്യത്തെ തകർക്കാനും ഭാരതീയ ജനതാ പാർട്ടി നിർമിച്ച പദമാണെന്നാരോപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. വിവാഹം വ്യക്തിപരമായ തീരുമാനമാണെന്നും ബിജെപി ഇതിന് നിയന്ത്രണം ഏർപ്പെടുത്തുന്നെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. വ്യക്തിപരമായ തീരുമാനമായ വിവാഹത്തെ തടയാൻ നിയമത്തെ കൊണ്ടുവരുന്നത് തികച്ചും ഭരണഘടനാ വിരുദ്ധമാണെന്നും ഇത് ഒരു കോടതിയിലും നിലനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
രാജ്യം ഭിന്നിപ്പിക്കാൻ ബിജെപി നിർമിച്ച വാക്കാണ് ലവ് ജിഹാദ്: ഗെലോട്ട്
വ്യക്തിപരമായ തീരുമാനമാണ് വിവാഹമെന്നും അതിനെ തടയാൻ നിയമം കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ആ നിയമം ഒരു കോടതിയിലും നിലനിൽക്കില്ലെന്നും ഗെലോട്ട് പറഞ്ഞു.
അലഹബാദ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് “ലവ് ജിഹാദും” നിർബന്ധിത മതപരിവർത്തനവും തടയുന്നതിന് കർശനമായ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നു. അടുത്ത വർഷം നിയമസഭാ സമ്മേളനത്തിൽ 'ലവ് ജിഹാദിനെതിരെ' സംസ്ഥാന സർക്കാർ ബിൽ കൊണ്ടുവരുമെന്നും നിയമം പാലിക്കാത്തവർ അഞ്ച് വർഷം കഠിനതടവ് അനുഭവിക്കേണ്ടിവരുമെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ വർഷം ഫെബ്രുവരിയിൽ ലോക്‌സഭയിൽ ഉയർന്ന ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 'ലവ് ജിഹാദ്' എന്ന പദം നിലവിലുള്ള നിയമപ്രകാരം നിർവചിച്ചിട്ടില്ലെന്നും അത്തരം കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.