വിജയനഗർ : കർണാടകയിൽ നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടോറിക്ഷകളിലിടിച്ച് ഏഴ് പേർ മരിച്ചു. ഹോസ്‌പേട്ട് താലൂക്കിലെ വദ്ദരഹള്ളി റെയിൽവേ ഓവർ ബ്രിഡ്‌ജിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ ലോറി ഓട്ടോകൾക്ക് പുറകിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ താഴ്‌ചയിലേയ്‌ക്ക് മറിഞ്ഞ ഓട്ടോകൾ പൂർണമായും തകർന്നു. അപകടത്തിൽ സലിം, സഫുറ ബീ (55), കൗസർ (35), യാസ്‌മിൻ (28), ഇബ്രാഹിം (28), സഹീർ (4), ഓട്ടോ ഡ്രൈവറായ ശ്യാം എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഒഴികെ ബല്ലാരിയിലെ കൗൾ ബസാർ സ്വദേശികളായ ഒരേ കുടുംബത്തിലുള്ളവരാണ് അപകടത്തിൽപ്പെട്ടത്.
കൗൾ ബസാറിൽ നിന്ന് തുംഗഭദ്ര അണക്കെട്ട് കാണാൻ പോകുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന വിവരം. രണ്ട് ഓട്ടോകളിലായി 19 പേരാണ് യാത്ര ചെയ്‌തിരുന്നത്. അഞ്ച് സ്‌ത്രീകളടക്കം ഏഴ് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ഹോസ്‌പേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെ ബല്ലാരിയിലെ വിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഹോസ്‌പേട്ട് റൂറൽ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
യു ടേൺ എടുക്കുന്നതിനിടെ കാറപകടം :കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ യു-ടേൺ എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചിരുന്നു. പ്രകാശ് നഗർ സ്വദേശി കൃഷ്‌ണപ്പ (55) ആണ് അപകടത്തിൽ മരിച്ചത്. കർണാടകയിലെ രാജാജി നഗർ ട്രാഫിക് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് അപകടം നടന്നത്.