ന്യൂഡൽഹി: ഉത്തര്‍പ്രദേശില്‍ ഇറാനിയന്‍ യുവതി കൊല്ലപ്പെട്ട കേസില്‍ ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി പൊലീസ്. നോയിഡയില്‍ താമസിച്ചിരുന്ന 22 വയസ്സുകാരിയായ സീനത്ത് എന്ന പെൺകുട്ടി കൊല്ലപ്പെട്ട കേസിലാണ് നടപടി. ഇറാനികളായ ബന്ധുക്കൾ തന്നെയാണ് സീനത്തിന്‍റെ കൊലയ്ക്കു പിന്നിൽ. (Lookout Notice in Murder of Iranian Woman at Noida)
കേസിൽ നാലുപേർ ഇതിനോടകം അറസ്‌റ്റിലായി. എന്നാൽ മുഖ്യ പ്രതിയടക്കം നിരവധിപേർ ഇപ്പോഴും ഒളിവിലാണ്. ഈ സാഹചര്യത്തിലാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. പെൺകുട്ടിയുടെ ബന്ധുവായ ഇബ്രാഹീം ആണ് ഒന്നാം പ്രതി. കൊലയ്ക്ക് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.
ഇബ്രാഹിം ഇതിനോടകം നേപ്പാളിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലീസിന്‍റെ സംശയം. അവിടെ നിന്ന് ഇറാനിലേക്ക് വിമാനമാർഗം രക്ഷപെടാൻ ശ്രമിച്ചേക്കുമെന്ന് പൊലീസ് സംശയിക്കുന്നു. ഇയാളും മറ്റ് പ്രതികളും വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയാൻ, ഇറാൻ എംബസിയുമായും പൊലീസ് ബന്ധപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത്. (Iranian Woman Murdered in UP)
ഒളിവിൽപ്പോയ പ്രതികൾ മൊബൈൽ ഫോണുകൾ ഓഫ് ചെയ്‌തതിനാൽ ഇവരെ കണ്ടെത്തൽ പ്രയാസമാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഞായറാഴ്‌ച രാത്രി ഒമ്പത് മണിയോടെ മഹാരാജ്‌ഗഞ്ച് ജില്ലയിലെ നൗതൻവയിലാണ് മുഖ്യപ്രതി ഇബ്രാഹിമിന്‍റെ അവസാന ടവര്‍ ലൊക്കേഷൻ കണ്ടെത്തിയത്. പ്രതികൾ രാജ്യം വിടുമെന്ന സംശയമുയർന്നതോടെ നോയിഡ പൊലീസും അതിർത്തി രക്ഷാ സേനയായ ശാസ്ത്ര സീമ ബലും നേപ്പാൾ അതിർത്തിയിൽ തിരച്ചിൽ ഊർജിതമാക്കിയതായാണ് വിവരം.