ന്യൂഡല്‍ഹി:പ്രധാനമന്ത്രിയുടെ നാരി ശക്തി പരാമര്‍ശത്തില്‍ ബിജെപിയേയും മോദിയേയും വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‘നാരിശക്തി’ എന്ന് പറഞ്ഞ മോദി സ്ത്രീകളുടെ അന്തസ് കുറയ്ക്കുന്ന ഒന്നും ചെയ്യില്ലെന്ന് പ്രതിജ്ഞയെടുക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. സംസാരത്തിലും പെരുമാറ്റത്തിലും അവരെ അപമാനിക്കുന്ന മാനസികാവസ്ഥ കടന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
ചെങ്കോട്ടയിലെ മോദിയുടെ പ്രസംഗത്തിന് പിന്നാലെ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികള്‍ അദ്ദേഹത്തിനെതിരെ രംഗത്ത് എത്തി. സ്വന്തം പാര്‍ട്ടികാരോട് ഇക്കാര്യം പറയാനും അവരോട് ഇക്കാര്യം അനുസരിക്കാനും ആവശ്യപ്പെടണമെന്നാണ് പ്രധാന വിമര്‍ശനം.
സ്ത്രീകളെ കുറിച്ച് വാചാലനാകുന്ന മോദി തെരഞ്ഞെടുപ്പ് സമയത്ത് മമതാ ബാനര്‍ജിക്കെതിരെ ബിജെപി നടത്തിയ പരാമര്‍ശനങ്ങള്‍ ഓര്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ദിദി ഓ ദിദി എന്നാണ് മമതാ ബാനര്‍ജിയെ കളിയാക്കി അന്ന് ബിജെപി പ്രചാരണം നടത്തിയത്. ഒരുദിവസത്തെ പ്രസംഗം കൊണ്ട് ബിജെപിയുടെ സ്ത്രീ വിരുദ്ധത ഇല്ലാതാകില്ലെന്ന് നരേന്ദ്രമോദി മനസിലാക്കണമെന്നും തൃണമൂല്‍ എം.പി ദീരക് ഒ ബറിയന്‍ പറഞ്ഞു.