മുംബൈ:നിലവിലെ കൊവിഡ് സാഹചര്യങ്ങളും മരണ നിരക്കും കണക്കിലെടുത്ത് നഗരസഭാ അധികൃതര്‍ ശ്‌മശാനങ്ങളില്‍ മലിനീകരണം പരിശോധിക്കാന്‍ ആധുനിക സജീകരണങ്ങള്‍ ഒരുക്കണമെന്ന് മുംബൈ ഹൈക്കോടതി നിര്‍ദേശിച്ചു. മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് വഴി വലിയ തോതിലുള്ള വായു മലിനീകരണമാണ് നടക്കുന്നത്. ചീഫ് ജസ്റ്റിസ് ദിപങ്കർ ദത്ത, ജസ്റ്റിസ് ജി എസ് കുൽക്കർണി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പൂനെ നിവാസിയായ വിക്രാന്ത് ലത്കർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു.
പൂനെയിലെ ചില ശ്മശാനങ്ങളിൽ പ്രതിദിനം 80 ലധികം മൃതദേഹങ്ങൾ സംസ്‌കരിക്കുന്നുണ്ടെന്ന് ലത്‌കറിന്‍റെ അഭിഭാഷകൻ അസിം സരോഡ് വ്യാഴാഴ്ച ഹൈക്കോടതിയെ അറിയിച്ചു. ഇത് പരിസരത്ത് ധാരാളം മലിനീകരണം സൃഷ്ടിക്കുന്നതായും അദ്ദേഹം പറഞ്ഞു. പല ശ്മശാനങ്ങളുടെയും ചിമ്മിനികൾ സ്റ്റാൻഡേർഡ് ഡിസൈൻ അനുസരിച്ച് നിർമ്മിച്ചതല്ലെന്നും അതിനാൽ പുറത്തുവിടുന്ന പുക മുകളിലേക്ക് നീങ്ങുന്നില്ലെന്നും ഹര്‍ജിയിൽ പറയുന്നു.