ന്യൂഡല്‍ഹി:സഭയിലെ മോശം പെരുമാറ്റത്തിന് സസ്‌പെന്‍ഡ് ചെയ്‌ത നടപടിയില്‍ താന്‍ തെറ്റ് ചെയ്‌തിട്ടില്ലെന്ന് ആവര്‍ത്തിച്ച് അധീര്‍ രഞ്‌ജന്‍ ചൗധരി. മോശം പെരുമാറ്റം ചൂണ്ടിക്കാണിച്ച് ഓഗസ്‌റ്റ് 10 ന് ലോക്‌സഭ സ്‌പീക്കര്‍ സസ്‌പെന്‍ഡ് ചെയ്‌തതിനെ തുടര്‍ന്ന് പ്രിവിലീജസ് കമ്മിറ്റിയെ അഭിമുഖീകരിക്കാനിരിക്കെയായിരുന്നു അധീര്‍ രഞ്‌ജന്‍ ചൗധരി തന്നെ സ്വയം ന്യായീകരിച്ചത്. തനിക്ക് മുന്നില്‍ നിയമത്തിന്‍റെ സാധ്യതകള്‍ തുറന്നുകിടക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പ്രതികരണം ഇങ്ങനെ: ഞാന്‍ തൂക്കിലേറ്റപ്പെട്ടു. അധികം വൈകാതെ എന്നെ വിചാരണ ചെയ്യും. എന്നാല്‍ പാര്‍ലമെന്‍ററി വിരുദ്ധമായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. 'നീരവ്' എന്ന ഹിന്ദി വാക്ക് ആളുകള്‍ ദൈനംദിന സംഭാഷണങ്ങളില്‍ സാധാരണമായി ഉപയോഗിച്ചുവരുന്നതാണ്. എന്നാല്‍ അതിനെ അവര്‍ പര്‍വതീകരിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പ്രതികരിച്ചു.
സ്‌പീക്കറുടെ തീരുമാനത്തെക്കുറിച്ച് ഞാന്‍ ഒന്നുംതന്നെ പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം അദ്ദേഹം സഭയുടെ നാഥനാണ്. എന്നാല്‍ സുപ്രീംകോടതിയിലേക്ക് പോവുന്നതിനുള്ള നിയമപരമായ സാധ്യത ഞങ്ങള്‍ക്ക് മുന്നില്‍ തുറന്നുകിടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മാപ്പ് പറയില്ല: പാര്‍ട്ടി എന്ന നിലയില്‍ ഞങ്ങള്‍ നിയമങ്ങള്‍ പാലിക്കും. ഞാനും നിയമങ്ങള്‍ പാലിക്കുന്നയാളാണ്. അവര്‍ എന്നെ വിളിക്കുകയാണെങ്കില്‍ തീര്‍ച്ചയായും കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുമെന്നും പ്രിവിലീജസ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുമോ എന്ന ചോദ്യത്തിന് അധീര്‍ രഞ്‌ജന്‍ ചൗധരി മറുപടി നല്‍കി. പ്രതികാരം കൊണ്ടാണ് താന്‍ സഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ ഒരു മന്ത്രി മാപ്പ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം തുറന്നടിച്ചു.
ഞാൻ എന്തിന് മാപ്പ് പറയണം. ഞാൻ സഭയില്‍ സംസാരിക്കുമ്പോൾ മാപ്പ് പറയണമെന്ന് ആരും എന്നോട് പറഞ്ഞില്ല. പ്രസംഗം പൂർത്തിയാക്കാൻ എന്നെ അനുവദിച്ചിരുന്നെങ്കിൽ എന്‍റെ പരാമർശങ്ങൾ ഞാൻ വിശദീകരിക്കുമായിരുന്നുവെന്ന് പശ്ചിമ ബംഗാളിലെ ബെരാംപൂരില്‍ നിന്നുള്ള എംപിയായ അധീര്‍ രഞ്‌ജന്‍ ചൗധരി പറഞ്ഞു.
Also Read: 'Suspended Member of Parliament' | സസ്‌പെൻഷന് പിന്നാലെ എക്‌സിൽ ബയോ മാറ്റി എഴുതി എഎപി നേതാവ് രാഘവ് ഛദ്ദ
ഹിന്ദിയിൽ നിശബ്‌ദത എന്നർഥം വരുന്ന 'നീരവിനെ' കുറിച്ച് സംസാരിക്കുകയും പ്രധാനമന്ത്രി മോദിയുടെ മൗനത്തോട് ഇത് താരതമ്യപ്പെടുത്തുകയും ചെയ്‌തത് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിക്കെതിരെ ലോക്‌സഭ സ്‌പീക്കറുടെ നടപടിയെത്തുന്നത്. പ്രധാനമന്ത്രി സംസാരിക്കുമ്പോൾ തടസ്സം സൃഷ്‌ടിച്ചതിനാൽ ചൗധരിയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രഹ്‌ളാദ് ജോഷി പ്രമേയം അവതരിപ്പിക്കുകയും ഇത് ശബ്‌ദ വോട്ടോടു കൂടി പാസായതോടെയുമാണ് അധീര്‍ രഞ്‌ജന്‍ ചൗധരിയെ സ്‌പീക്കര്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്.
എന്നാല്‍ ഒരു കാരണവുമില്ലാതെ അദ്ദേഹത്തെ സസ്പെൻഡ് ചെയ്‌തുവെന്നായിരുന്നു കോൺഗ്രസിന്‍റെയും ഇന്ത്യ മുന്നണിയുടെയും ആരോപണം. മാത്രമല്ല ഇത് വളരെ ആശങ്കാജനകമാണെന്നും അദ്ദേഹം ഉയര്‍ത്തിയത് നമ്മുടെ ജനാധിപത്യ തത്വങ്ങൾക്കെതിരെ ഉയർത്തുന്ന ചോദ്യങ്ങളാണെന്നും മാണിക്കം ടാഗോർ നല്‍കിയ നോട്ടിസിൽ അറിയിച്ചിരുന്നു. ഇന്ത്യ പോലൊരു ജനാധിപത്യ രാജ്യത്ത്, ഭരണ പ്രക്രിയ രൂപപ്പെടുത്തുന്നതിൽ തുറന്ന സംവാദവും ക്രിയാത്മക വിമർശനവും നിർണായക പങ്കാണ് വഹിക്കുന്നത്. ആരോപണങ്ങൾ ഉന്നയിച്ചതിന് ഒരു പാർലമെന്‍റ് അംഗത്തെ സസ്‌പെൻഡ് ചെയ്യുന്നതിലൂടെ കേന്ദ്ര സർക്കാർ അവരുടെ പോരായ്‌മകളെ ഉയർത്തിക്കാട്ടിയിരിക്കുകയാണെന്നും മാണിക്കം ടാഗോര്‍ കുറ്റപ്പെടുത്തി.
ജനാധിപത്യ അധികാരത്തെ സസ്പെൻഷനിലേക്ക് നയിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ സഭ തയ്യാറാകണമെന്നും അധിർ രഞ്ജൻ ചൗധരിയുടെ സസ്‌പെൻഷൻ സഭ പിൻവലിക്കണമെന്നും അത് ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണെന്നും അദ്ദേഹം നോട്ടിസില്‍ ഉന്നയിച്ചിരുന്നു. പിന്നാലെ അധീർ രഞ്ജൻ ചൗധരിയെ ലോക്‌സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞദിവസം ലോക്‌സഭ നടപടികൾ ബഹിഷ്‌കരിച്ചിരുന്നു.