ന്യൂഡൽഹി : തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ ബഹളങ്ങള്‍ക്കിടെ ശബ്‌ദ വോട്ടോടെയാണ് ബിൽ സഭയിൽ പാസാക്കിയത്. നിയമമന്ത്രി കിരണ്‍ റിജിജുവാണ് ബില്‍ അവതരിപ്പിച്ചത്. ഇതോടെ ആധാറും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും തമ്മിൽ ബന്ധിപ്പിക്കും.
കള്ളവോട്ട് തടയുക എന്നതാണ് ഭേദഗതി ബില്ലിലൂടെ ലക്ഷ്യംവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേതന്നെ ഇതിനായി നടപടി എടുത്തിരുന്നെങ്കിലും നിയമത്തിന്‍റെ പിന്‍ബലം വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജനപ്രാതിനിധ്യ നിയമത്തിലാണ് മാറ്റം വരുത്തിയത്.
വോട്ടര്‍ കാര്‍ഡില്‍ പേര് ചേര്‍ക്കുന്നതിനൊപ്പം ആധാര്‍ നമ്പര്‍കൂടി രേഖപ്പെടുത്തണമെന്ന് ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നുണ്ട്. വോട്ടര്‍ പട്ടികയില്‍ നിലവില്‍ പേരുള്ളവരും പുതുതായി പേര് ചേര്‍ക്കുന്നവരും ആധാര്‍ നമ്പര്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടും. എന്നാല്‍, ആധാര്‍ കാര്‍ഡോ നമ്പറോ ഹാജരാക്കാന്‍ കഴിഞ്ഞില്ല എന്ന കാരണത്താല്‍ ഒരാളുടെ പേര് വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്താതിരിക്കരുതെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.