ന്യൂഡല്‍ഹി:ലോക്‌സഭയില്‍ 20 മിനിറ്റ് മൈക്ക് പ്രവര്‍ത്തനരഹിതമായി. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തിലെ അഞ്ചാം ദിവസമായ ഇന്നാണ് ലോക്‌സഭയില്‍ 20 മിനിറ്റ് മൈക്ക് പ്രവര്‍ത്തനരഹിതമായത്. എന്നാല്‍ ഈ സമയം രാഹുല്‍ സംസാരിക്കട്ടെ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സഭയുടെ നടുത്തളത്തിലേക്കിറങ്ങി. തൊട്ടുപിന്നാലെ തന്നെ സഭ പിരിഞ്ഞു.
ഓഫില്‍ പരിഹാസം: സഭയില്‍ മൈക്ക് ഓഫ് ചെയ്‌തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംപിമാര്‍ പരിഹാസവുമായി രംഗത്തെത്തി. ഇവരില്‍ ചിലരെല്ലാം മൈക്ക് ഓഫ് ചെയ്‌തിട്ട നിമിഷത്തിന്‍റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ നിറച്ചു. മാത്രമല്ല ഇതിനോടകം രാജ്യസഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കർ, ലോക്‌സഭ സ്പീക്കർ ഓം ബിർള എന്നിവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച മീമുകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു.
ലണ്ടനിലെ ഒരു പരിപാടിക്കിടെയുള്ള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ 'ഇന്ത്യയിലെ ജനാധിപത്യം' എന്ന പരാമര്‍ശത്തിന് ആഴ്‌ചകള്‍ക്ക് പിന്നാലെയുള്ള സഭ സമ്മേളനത്തില്‍ തന്നെയുണ്ടായ ലോക്‌സഭയിലെ 'ഓഡിയോ-ഓഫ്' നടപടിയെ കോണ്‍ഗ്രസ് എംപിമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. മോദി സര്‍ക്കാര്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണെന്നും, ഇതിന്‍റെ ആദ്യഘട്ടമെന്നോണം പ്രതിപക്ഷ എംപിമാരുടെ മൈക്കുകള്‍ ഓഫ് ചെയ്‌തുവെന്നും, ഇന്ന് സഭ നടപടികളെ മൊത്തമായി ഓഫ് ചെയ്‌തുവെന്നും അവര്‍ കുറ്റപ്പെടുത്തി.
ട്രോളോട് ട്രോള്‍:സംസാരത്തില്‍ ജനാധിപത്യവും, പ്രവര്‍ത്തനത്തില്‍ സ്വേച്ഛാധിപത്യവുമാണിതെന്നായിരുന്നു ലോക്‌സഭയില്‍ മൈക്കുകള്‍ നിശ്‌ബദമാക്കിയ നടപടിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി കമ്മ്യൂണിക്കേഷന്‍ ഇന്‍ ചാര്‍ജുമായ ജയ്‌റാം രമേശിന്‍റെ പരിഹാസം. ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച എംപിമാര്‍ക്ക് പാര്‍ലമെന്‍റിലും ലോക്‌സഭയിലും സംസാരിക്കാന്‍ അവസരം നല്‍കാത്തത് ജനാധിപത്യ പാരമ്പര്യങ്ങള്‍ക്കെതിരാണ്. ജനങ്ങളുടെ ശബ്‌ദം ഇല്ലാതാക്കാനുള്ള ശ്രമമാണിത്. ഇത് ആരോഗ്യപരമായ ജനാധിപത്യത്തിന്‍റെ ലക്ഷണമാണോ എന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ചോദിച്ചു. ഈ വിഷയങ്ങളൊക്കെയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്താനിടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലും ഇതിനെതിരെ ട്വിറ്ററിലൂടെ രംഗത്തെത്തി. പ്രതിപക്ഷ അംഗങ്ങളുടെ മൈക്കുകള്‍ ഓഫ് ചെയ്‌തുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ അവരെല്ലാം അത്‌ഭുതപ്പെട്ടു. ഇന്ന് ലോക്‌സഭ മുഴുവനായും നിശബ്‌ദമായി. ഇതിലധികം എന്ത് തെളിവാണ് നിങ്ങള്‍ക്ക് വേണ്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിരോധിച്ച് സര്‍ക്കാര്‍:മൈക്കുകള്‍ പ്രവര്‍ത്തിക്കാതായത് ബോധപൂര്‍വമാണെന്ന പ്രതിപക്ഷ വാദം സര്‍ക്കാര്‍ നിഷേധിച്ചു. അതൊരു സാങ്കേതിക തകരാര്‍ മാത്രമാണെന്നും അവര്‍ അറിയിച്ചു. എന്നാല്‍ സഭാനടപടികള്‍ക്കിടെ മൈക്കുകള്‍ നിശബ്‌ദമായ ഇത്തരം സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തില്‍ രാഹുൽ ഗാന്ധിയുടെ 'ജനാധിപത്യ' പരാമർശത്തെ ചൊല്ലിയുള്ള ബഹളത്തെ തുടർന്ന് സഭ നിരവധി തവണ നിര്‍ത്തിവയ്‌ക്കേണ്ടി വന്നിരുന്നു. അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം തന്നെ രാഹുലിനെതിരെ ഭരണപക്ഷ എംപിമാര്‍ ആക്രമണം ശക്തമാക്കിയിരുന്നു. എന്നാല്‍ തൊഴിലില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയ സുപ്രധാന പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് ബിജെപി പയറ്റുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ മറുവാദം.