വാരാണസി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ രാഹുല്‍ ഗാന്ധി അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നറിയിച്ച് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. പ്രിയങ്ക ഗാന്ധി വാരാണസിയില്‍ നിന്ന് നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ താത്പര്യപ്പെടുന്നെങ്കില്‍ പ്രവര്‍ത്തകര്‍ വിജയമുറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധാകേന്ദ്രമായി അമേഠിയും വാരാണസിയും : ഉറപ്പായും രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് മത്സരിക്കും. പ്രിയങ്ക ഗാന്ധി ആഗ്രഹിക്കുന്നുവെങ്കില്‍, വാരാണസിയില്‍ മത്സരിക്കാം. അങ്ങനെയെങ്കില്‍ ഓരോ പാർട്ടി പ്രവർത്തകരും അവരുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്യുമെന്നും അജയ് റായ് പറഞ്ഞു.
സ്‌മൃതി ഇറാനിക്ക് രൂക്ഷ വിമര്‍ശനം:സ്മൃതി ഇറാനി പരിഭ്രാന്തിയിലാണ്. അമേഠിയിലെ ജനങ്ങൾക്ക് 13 രൂപയ്ക്ക് പഞ്ചസാര എത്തിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ബിജെപിക്ക് വോട്ട് ചെയ്യാൻ ജനങ്ങളോട് അവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ട് അവര്‍ക്ക് അതിന് കഴിഞ്ഞോയെന്ന് അജയ് റായ് ചോദിച്ചു. അതേസമയം 2014 ലെയും 2019 ലെയും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അജയ് റായ് മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്‌തിരുന്നു. വ്യാഴാഴ്‌ചയാണ് (17.08.2023) കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അജയ് റായിയെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്‍റായി നിയമിച്ചത്.