ബെംഗളൂരു:കര്‍ണാടക ബി ജെ പി എം എല്‍ എ മാടൽ വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് മാടലിന്‍റെ വീട്ടില്‍ ലോകായുക്ത അഴിമതി വിരുദ്ധ വിഭാഗത്തിന്‍റെ റെയ്‌ഡ്. എം എല്‍ എയുടെ മകന്‍റെ വസതിയില്‍ നിന്നും 6 കോടി അന്വേഷണ സംഘം കണ്ടെടുത്തു. ഇന്ന് രാവിലെയാണ് പരിശേധന ആരംഭിച്ചത്.
ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിൽ (BWSSB) ചീഫ് അക്കൗണ്ടന്‍റാണ് പ്രശാന്ത്. ഇന്നലെ 40 ലക്ഷം രൂപയുടെ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥര്‍ പ്രശാന്ത് മാടലിനെ പിടികൂടുകയായിരുന്നു. ചന്നഗിരി നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ വിരൂപാക്ഷപ്പ ചെയർമാനായ കർണാടക സോപ്‌സ് ആൻഡ് ഡിറ്റർജെന്‍ഡ്‌സ് ലിമിറ്റഡിന്‍റെ (കെ എസ് ഡി എൽ) പരിസരത്ത് വച്ച് അഴിമതി നിരോധന നിയമ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ ഓഫിസില്‍ നിന്നും 1.7 കോടിയിലേറെ രൂപയും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
പണമടങ്ങിയ മൂന്ന് ബാഗും പരിശോധനയക്കിടെ പൊലീസ് കണ്ടെത്തി. പ്രശാന്ത് മാടല്‍ കൈക്കൂലി ആവശ്യപ്പെടുന്നു എന്ന പരാതി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഒരാഴ്‌ച മുന്‍പായിരുന്നു ഇതുമായി ബന്ധപ്പെട്ട് സോപ്പ്, ഡിറ്റർജന്റുകൾ, മറ്റ് സാനിറ്ററി ഉൽപന്നങ്ങൾ എന്നിവയുടെ അസംസ്‌കൃത വസ്‌തുക്കള്‍ ഉൽപ്പാദിപ്പിക്കുന്ന കരാറുകാരന്‍ ലോകായുക്ത അഴിമതി വിരുദ്ധ വിഭാഗത്തെ സമീപിച്ചത്.
81 ലക്ഷം രൂപയാണ് പ്രശാന്ത് മാടല്‍ ആവശ്യപ്പെട്ടത് എന്ന് ആയിരുന്നു ഇയാളുടെ ആരോപണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു ലോകായുക്ത അഴിമതി വിരുദ്ധ വിഭാഗം അദ്ദേഹത്തിന്‍റെ ഓഫിസ് കേന്ദ്രീകരിച്ച് പ്രത്യേക പരിശേധന നടത്തിയത്. ഇന്നലെ രാത്രി 7 മണിയോടെ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് അദ്ദേഹത്തിന്‍റെ അറസ്റ്റ് ബന്ധപ്പെട്ട അധികൃതര്‍ രേഖപ്പെടുത്തിയത്.