ന്യൂഡല്‍ഹി : കോണ്‍ഗ്രസിന്‍റെ ലോക്‌സഭ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഉള്‍പ്പെടെ 33 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ (Lok Sabha suspends 31 opposition members including Adhir Ranjan Chowdhury). പാര്‍ലമെന്‍റ് ബഹളത്തിലാണ് നടപടി. കേരളത്തില്‍ നിന്നുള്ള എംപിമാരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ പെടുന്നു.
കൊടിക്കുന്നില്‍ സുരേഷ്, എന്‍ കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഇ ടി മുഹമ്മദ് ബഷീര്‍, കെ മുരളീധരന്‍, ആന്‍റോ ആന്‍റണി എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കേരള എംപിമാര്‍ (MPs of opposition suspended from Lok Sabha). നേരത്തെ സസ്‌പെന്‍ഡ് ചെയ്‌ത എംപിമാരെ തിരിച്ചെടുക്കുക, സുരക്ഷാ വീഴ്‌ച സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി പാര്‍ലമെന്‍റില്‍ വിശദീകരണം നല്‍കുക എന്നതായിരുന്നു പ്രതിപക്ഷ എംപിമാര്‍ ഉയര്‍ത്തിയ ആവശ്യം.
ഡിഎംകെ എംപിമാരായ ടി ആര്‍ ബാലു, ദയാനിധി മാരന്‍, തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ സൗഗത റോയ് എന്നിവരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ പെടുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരില്‍ 30 പേര്‍ക്ക് ശീതകാല സമ്മേളനത്തിന്‍റെ മുന്നോട്ടുള്ള ഭാഗങ്ങളില്‍ പങ്കെടുക്കാനാകില്ല. മറ്റ് മൂന്ന് പേര്‍ പ്രിവില്ലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരെയാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്.
കെ ജയകുമാര്‍, വിജയ് സമ്പത്ത്, അബ്‌ദുല്‍ ഖാലിദ് എന്നിവരാണ് പ്രിവില്ലേജസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എംപിമാര്‍. ഇവര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ട് സ്‌പീക്കറുടെ പോഡിയത്തില്‍ കയറുകയായിരുന്നു. സസ്‌പെന്‍ഷന്‍ സംബന്ധിച്ച പ്രമേയം പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിക്കുകയായിരുന്നു. പിന്നാലെ അംഗങ്ങള്‍ അത് ശബ്‌ദ വോട്ടോടെ അംഗീകരിച്ചു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.
Also Read:സുരക്ഷയില്‍ ബഹളം, പാർലമെന്‍റില്‍ 15 പ്രതിപക്ഷ എംപിമാർക്ക് സസ്‌പെൻഷൻ, ആറ് പേർ കേരള എംപിമാർ
നേരത്തെ ആറ് കേരള എംപിമാര്‍ ഉള്‍പ്പെടെ ഇരുസഭകളിലുമായി 15 പ്രതിപക്ഷ അംഗളാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. പാര്‍ലമെന്‍റ് സുരക്ഷ ലംഘനത്തെ ചൊല്ലിയുള്ള ബഹളത്തെ തുടര്‍ന്നായിരുന്നു അംഗങ്ങള്‍ക്കെതിരായ നടപടി. ടി എന്‍ പ്രതാപന്‍, ബെന്നി ബെഹനാന്‍, രമ്യ ഹരിദാസ്, വി കെ ശ്രീകണ്‌ഠന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, കനിമൊഴി, ജ്യോതിമണി, എസ് വെങ്കിടേശന്‍, മാണിക്യം ടാഗോര്‍, മുഹമ്മദ് ജാവേദ്, പി ആര്‍ നടരാജന്‍, കെ സുബ്രഹ്മണ്യം, എസ് ആര്‍ പാര്‍ഥിപന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്. ശീതകാല സമ്മേളന കാലയളവിലേക്കാണ് സസ്‌പെന്‍ഷന്‍. മോശം പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്‌തത് എന്നായിരുന്നു സ്‌പീക്കറുടെ വിശദീകരണം.