ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വ്യവസായി ഗൗതം അദാനിക്കും എതിരെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ചൊവ്വാഴ്‌ച നടത്തിയ പരാമർശങ്ങള്‍ ലോക്‌സഭ രേഖകളിൽ നിന്ന് നീക്കി സ്‌പീക്കർ. രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്നും ചില 'ആക്ഷേപകരമായ' പരാമര്‍ശങ്ങള്‍ നീക്കം ചെയ്യുന്നതിനെ പിന്തുണയ്ക്കണമെന്നും പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.രാഹുല്‍ ഗാന്ധി തന്‍റെ ആരോപണങ്ങൾ സാധൂകരിക്കാത്തതിന്‍റെ അടിസ്ഥാനത്തിൽ സഭ രേഖകളില്‍ നിന്ന് പരാമര്‍ശം നീക്കിയതായി ബുധനാഴ്‌ച ഉച്ചയോടെ സ്‌പീക്കർ ഓം ബിർള അറിയിക്കുകയായിരുന്നു.
പാർലമെന്‍ററി നിയമങ്ങൾ അനുസരിച്ച് ഏതെങ്കിലും ലോക്‌സഭാംഗം ആർക്കെങ്കിലും എതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നോട്ടിസ് നൽകേണ്ടതുണ്ടെന്ന് ഇന്ന് ലോക്‌സഭ സമ്മേളിച്ചയുടൻ വിഷയം പരിഗണിച്ച് പ്രഹ്‌ളാദ് ജോഷി പറഞ്ഞു. 'കോൺഗ്രസ് നേതാവ് ഇന്നലെ ചില പരാമർശങ്ങൾ നടത്തി. അവ വളരെ ആക്ഷേപകരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളായിരുന്നു. അവ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യുകയും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയും വേണം' - ജോഷി സ്‌പീക്കർ ഓം ബിർളയോട് ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിക്കെതിരെ പ്രത്യേകാവകാശ പ്രമേയം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.