ന്യൂഡൽഹി : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഉത്തർപ്രദേശിലും ബിഹാറിലും പാർട്ടി പുനഃസംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. അടുത്തിടെ നടന്ന യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 403 സീറ്റുകളിൽ 2 എണ്ണം മാത്രമാണ് കോൺഗ്രസിന് നേടാനായത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി യുപിയുടെ ചുമതലയേൽക്കുമ്പോൾ പാർട്ടിക്ക് സംസ്ഥാനത്ത് 80ൽ ഒരു സീറ്റ് മാത്രമാണുണ്ടായിരുന്നത്.
യുപി കോൺഗ്രസ് പുനഃസംഘടന :2017ൽ പാർട്ടിക്ക് ഉണ്ടായിരുന്ന 7 എംഎൽഎമാരിൽ അജയ് കുമാർ ലല്ലുവിനെ സംസ്ഥാന അധ്യക്ഷനായും ആരാധന മിശ്രയെ നിയമസഭ കക്ഷി നേതാവായും പ്രിയങ്ക തെരഞ്ഞെടുത്തിരുന്നു. ഏറ്റവും ഒടുവിലായി നേരിട്ട തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് അജയ് കുമാർ ലല്ലുവിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട ആരാധന മിശ്രയെ സിഎൽപി നേതാവായി നിലനിർത്തി.
നിലവിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഒബിസി വിഭാഗത്തിൽപ്പെട്ട നിയമസഭാംഗമായ വീരേന്ദ്ര ചൗധരിയെ നിയമിക്കണോ, അതോ മറ്റാർക്കെങ്കിലും സംസ്ഥാനത്തെ പാർട്ടി ചുമതല നൽകണോ എന്ന ചർച്ചയിലാണ് കോൺഗ്രസ്. സംസ്ഥാനത്ത് ബിജെപിക്കും എസ്‌പിക്കും എതിരായ മികച്ച പ്രതിയോഗിയായി ചൗധരി മാറുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
അതേസമയം ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട രാജേഷ് മിശ്ര, ആചാര്യ പ്രമോദ് കൃഷ്‌ണൻ തുടങ്ങിയവരുടെ പേരും സുപ്രധാന സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ബിഎസ്‌പി അനുയായികളെ ആകർഷിക്കാനായി, ഒരു ദലിത് നേതാവിനെ സംസ്ഥാന ഘടകം മേധാവിയായി തെരഞ്ഞെടുക്കണമെന്നാണ് മറ്റൊരു വിഭാഗം നേതാക്കളുടെ നിർദേശം.