ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ സഭാംഗത്വം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ സഭ നടപടികൾ തടസ്സപ്പെടുത്തിയതിനെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും നടപടികൾ പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെ സ്‌തംഭിച്ചു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 2 മണി വരെയാണ് സഭ നടപടികൾ നിർത്തിവച്ചിരിക്കുന്നത്. ചോദ്യോത്തര വേള വീണ്ടും തടസപ്പെടുകയും സഭയുടെ പ്രവർത്തനങ്ങൾ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഒരു മിനിറ്റിനുള്ളിൽ നിർത്തിവയ്‌ക്കുകയുമായിരുന്നു.
ഇന്നും പ്രതിപക്ഷ അംഗങ്ങൾ കറുത്ത വസ്‌ത്രം ധരിച്ചാണ് ലോക് സഭയിൽ എത്തിയത്. പ്രതിഷേധത്തിനിടെ കോൺഗ്രസ് അംഗങ്ങളായ എസ് ജോതി മണിയും രമ്യ ഹരിദാസും സഭ ഉത്തരവ് പേപ്പറുകൾ കീറി സ്‌പീക്കറുടെ കസേരയിലേക്ക് എറിഞ്ഞു. കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ ചെയറിന് നേരെ കറുത്ത സ്‌കാർഫ് എറിഞ്ഞെങ്കിലും മാർഷൽ തടഞ്ഞു. ബഹളത്തിനിടയിൽ, അംഗങ്ങളുടെ പെരുമാറ്റം അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി ചെയർമാനായിരുന്ന പിവി മിഥുൻ റെഡ്ഡി സഭാ നടപടികൾ 2 മണി വരെ നിർത്തിവക്കുകയായിരുന്നു.
അദാനി വിഷയത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നിയമസഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിൽ ഭരണമുന്നണിയും പ്രതിപക്ഷവും തമ്മിൽ നിലനിൽക്കുന്ന വാദപ്രതിവാദങ്ങളാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. മാർച്ച് 13 ന് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഭാഗം ആരംഭിച്ചത് മുതൽ, അദാനി വിഷയത്തിൽ സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ലോക്‌സഭയിൽ പ്രതിഷേധത്തിലാണ്.
സർക്കാർ വസതി ഒഴിയാൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ്:ലോക്‌സഭാ അംഗം എന്ന നിലയിൽ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് സർക്കാർ വസതി ഒഴിയാൻ രാഹുൽ ഗാന്ധിക്ക് നോട്ടീസ്. നോട്ടീസ് നൽകിയതിനെതിരായി കോൺഗ്രസ് പ്രതിഷേധത്തിനിടയിൽ, നിർദ്ദേശം അനുസരിക്കുമെന്ന് രാഹുൽ ചൊവ്വാഴ്‌ച പറഞ്ഞു.
'മോദി കുടുംബപ്പേര്' പരാമർശത്തിന്‍റെ പേരിൽ സൂറത്ത് കോടതി വിധിയിൽ മാനനഷ്‌ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധി ലോക്‌സഭയിൽ നിന്ന് എംപി എന്ന നിലയിൽ അയോഗ്യനാക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സർക്കാർ വസതി ഒഴിയാൻ മാർച്ച് 27 ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് നൽകുകയായിരുന്നു. ഏപ്രിൽ 24 മുതൽ സർക്കാർ വസതി അനുവദിക്കുന്നത് റദ്ദാക്കും.