മുംബൈ: സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരണോ എന്നുള്ളത് വരുന്ന എട്ട് ദിവസങ്ങൾ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി. മഹാരാഷ്‌ട്രയിലെ കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് ഉദ്ദവ് താക്കറെ മുന്നറിയിപ്പുമായി എത്തിയത്. ലോക്ക് ഡൗൺ വേണ്ട എന്നുള്ളവർ മാസ്‌ക് ധരിക്കുക അടക്കമുള്ള കൊവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ 8 ദിവസത്തിനുള്ളിൽ ലോക്ക് ഡൗൺ: താക്കറെ - മഹാരാഷ്ട്ര കൊവിഡ് കണക്ക്
റാലികൾക്കും ഇന്ന് മുതൽ മഹാരാഷ്‌ട്രയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്
കഴിഞ്ഞ 24 മണിക്കൂറിൽ 6,971 പേർക്കാണ് സംസ്ഥാനത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇനിയും സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി വർധിച്ചാൽ ലോക്ക് ഡൗൺ അടക്കമുള്ള കടുത്ത നടപടിയിലേക്ക് തന്നെ പോകേണ്ടി വരും എന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
രോഗ ബാധ തടയുന്നതിനു വേണ്ടി അമരാവതി ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന കർശന നിയന്ത്രണങ്ങളെക്കുറിച്ച് പരാമർശിച്ച മുഖ്യമന്ത്രി, ആവശ്യമുള്ള ഇടങ്ങളിൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനത്തൊട്ടാകെയുള്ള ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. വൻ തോതിൽ ആളുകൾ ഒത്തുചേരുന്ന രാഷ്‌ട്രീയ പാർട്ടികളുടേത് അടക്കമുള്ള പരിപാടികൾക്ക് ഇന്ന് മുതൽ സംസ്ഥാനത്ത് അനുമതി നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.