ന്യൂഡൽഹി:ചരിത്രത്തിൽ ആദ്യമായി സുപ്രീം കോടതി നടപടി ക്രമങ്ങങ്ങൾ തൽസമയം സംപ്രേഷണം ചെയ്‌തു. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടികളാണ് വെബ്‌കാസ്റ്റ് പോർട്ടലിലൂടെ തത്സമയം കാണിച്ചത്. ഇന്ന്(26.08.2022) സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് എൻ വി രമണ, നിയുക്ത ചീഫ് ജസ്റ്റിസ് യു യു ലളിത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചിന്‍റെ നടപടികളാണ് തത്സമയം സംപ്രേഷണം ചെയ്‌തത്.
ചരിത്രത്തിൽ ആദ്യം: നടപടി ക്രമങ്ങൾ തൽസമയം സംപ്രേഷണം ചെയ്‌ത് സുപ്രീം കോടതി - സുപ്രീം കോടതി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടപടി ക്രമങ്ങൾ തത്സമയം സംപ്രേഷണം ചെയ്‌തു.
ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ യാത്രയയപ്പ് ചടങ്ങുകളും സംപ്രേഷണം ചെയ്യും. എൻഐസി വെബ്‌കാസ്റ്റ് പോർട്ടലിലൂടെയാണ് കാണിക്കുക. സുപ്രധാന കേസുകളുടെ തത്സമയ സംപ്രേഷണം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കാമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ നേരത്തെ നിർദേശിച്ചിരുന്നു.
ഭരണഘടനാപരമായി പ്രാധാന്യം അർഹിക്കുന്ന കേസുകളുടെ കോടതി നടപടികളുടെ തത്സമയ സ്‌ട്രീമിങ് 2018-ൽ സുപ്രീം കോടതി അനുവദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാൻവിൽകർ, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് 2018ലെ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവാണ് ഇപ്പോഴത്തെ ലൈവ് സ്‌ട്രീമിങിലേക്ക് വഴിതെളിച്ചത്. ഉത്തരവിന് പിന്നാലെ ഗുജറാത്ത്, കർണാടക, പട്‌ന, ഒഡീഷ, ജാർഖണ്ഡ് ഹൈക്കോടതികൾ തത്സമയ സംപ്രേഷണം ആരംഭിച്ചിരുന്നു.