പാട്‌ന : ഇന്ത്യയിൽ ആദ്യമായി തത്സമയ റോബോട്ടിക് ശസ്‌ത്രക്രിയ നടത്തി ഡോക്‌ടർമാർ. ബിഹാർ ഓർത്തോപീഡിക് അസോസിയേഷന്‍റെ പിന്തുണയോടെ നാലാമത് അനൂപ് മാസ്റ്റർ കോഴ്‌സ് 2022 ലാണ് രാജ്യത്ത് ആദ്യമായി തത്സമയ റോബോട്ടിക് ശസ്‌ത്രക്രിയ നടത്തിയത്. പട്‌ന ഹൈക്കോടതി ജസ്റ്റിസ് പാർഥ സാരഥിയാണ് ദ്വിദിന പരിപാടി ഉദ്ഘാടനം ചെയ്‌തത്.
പട്‌നയിലെ ഹോട്ടൽ മൗര്യയിൽവെച്ചാണ് തത്സമയം റോബോട്ടിനെ ഉപയോഗിച്ച് ശസ്‌ത്രക്രിയ നടത്തിയത്. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ രാജ്യത്തും വിദേശത്തുമുള്ള ഓർത്തോപീഡിക് ഡോക്‌ടർമാർ പങ്കെടുക്കുകയും ജോയിന്‍റ് ഇംപ്ലാന്‍റുകളുടെ മേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്‌തു.
ശസ്‌ത്രക്രിയ നടത്തി പ്രശസ്ത ഡോക്‌ടർമാർ :രാജ്യത്തെ പ്രശസ്‌ത റോബോട്ടിക് സർജനും പട്‌ന അനൂപ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർത്തോപീഡിക്‌സ് ഡയറക്‌ടറുമായ ഡോ. ആശിഷ് സിങ്, ഡൽഹിയിൽ നിന്നെത്തിയ ഡോക്‌ടർ യാഷ് ഗുലാത്തി, കൊൽക്കത്തയിൽ നിന്നുള്ള ഡോ. സന്തോഷ് കുമാർ, ഹൈദരാബാദിൽ നിന്നുള്ള ഡോ. ആദർശ് അന്നപ്രേദി എന്നിവരാണ് തത്സമയ ശസ്‌ത്രക്രിയ നടത്തിയത്.
അപ്പോളോ ഡൽഹിയിൽ നിന്നെത്തിയ ഡോക്‌ടർ യാഷ് ഗുലാത്തിയാണ് കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചത്. ഡോ. ആശിഷ് സിങ് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയയ്ക്കും, ഡോ. സന്തോഷ് കുമാറും ഡോ.ആദർശ് അന്നപ്രേദിയും സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും കാര്‍മികത്വം വഹിച്ചു. നാല് രോഗികൾക്കും സൗജന്യമായാണ് ശസ്ത്രക്രിയ നടത്തിയത്.
രോഗികൾക്ക് ഏറെ പ്രയോജനം : അതേസമയം ഈ കോഴ്‌സിലൂടെ രോഗികൾക്കാണ് ഏറ്റവുമധികം പ്രയോജനം ലഭിക്കുകയെന്ന് ഡോ ആശിഷ് സിങ് പറഞ്ഞു. കോഴ്‌സിലൂടെ ശസ്ത്രക്രിയ വിദ്യകൾ, രോഗിയുടെ സംതൃപ്‌തി നിലവാരം, രോഗിക്ക് നൽകുന്ന കൗൺസിലിങ് എന്നിവ മെച്ചപ്പെടുത്താൻ ശസ്ത്രക്രിയ വിദഗ്‌ധരെ സഹായിക്കും.