ഗയ (ബിഹാര്‍) : ഗയ ജില്ലയിലെ ബരാചട്ടി ബ്ലോക്കിന് കീഴിലുള്ള ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്ത് മോര്‍ട്ടര്‍ ഷെല്‍ (സ്‌ഫോടക വസ്‌തു) ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞയുടനെ പൊലീസ് സ്‌ഥലത്തെത്തി പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. ഷെല്‍ നിര്‍വീര്യമാക്കുന്നതിനായി ബോംബ് സ്‌ക്വാഡിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മോര്‍ട്ടര്‍ ഷെല്ലുകള്‍ കണ്ടെടുത്തുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ പ്രദേശത്ത് ആളുകളും തടിച്ചുകൂടി. കൗതുകം കാണാനെന്ന തരത്തില്‍ ഒഴുകിയെത്തിയ ജനക്കൂട്ടത്തെ ഏറെ പണിപ്പെട്ട് പൊലീസ് മടക്കി അയക്കുകയായിരുന്നു. സമീപത്തെ ആർമി ഫയറിങ് റേഞ്ചിൽ നിന്നും പ്രയോഗിച്ച മോർട്ടർ ഷെല്ലാകാം ഇതെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍. കൗതുകം തോന്നി ആരോ എടുത്തുകൊണ്ടുവന്നതാവാം ഇത്. എന്നാല്‍ ഇത് സ്‌ഫോടനത്തിന് കാരണമായേക്കാവുന്ന മോര്‍ട്ടര്‍ ഷെല്ലാണെന്ന് മനസിലാക്കിയതോടെ ഗ്രാമത്തിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചതാവാം എന്നും പൊലീസ് പറഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ ചുറ്റും കൂടുകയും പൊലീസിനെ വിവരമറിയിക്കുകയായിരുന്നുവെന്നും ധന്‍ഗയ് പൊലീസ് സ്‌റ്റേഷന്‍ എസ്‌എച്ച്‌ഒ അങ്കദ് പാസ്വാന്‍ അറിയിച്ചു.
ദിവാനിയ ഗ്രാമത്തിന് സമീപത്തായിരുന്നു മോര്‍ട്ടര്‍ ഷെല്‍ കിടന്നിരുന്നത്. പൊട്ടിത്തെറിക്കാന്‍ ശേഷിയുള്ള ഷെല്‍ തന്നെയാണിത്. മറ്റെവിടെയെങ്കിലും പതിച്ച ഷെല്‍ ആരെങ്കിലും എടുത്തുകൊണ്ടുവന്ന് പ്രദേശത്ത് ഉപേക്ഷിച്ചതാവാം എന്നാണ് കരുതുന്നതെന്നും അങ്കദ് പാസ്വാന്‍ കൂട്ടിച്ചേര്‍ത്തു.
സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുക്കുന്നത് മുമ്പും:ഇക്കഴിഞ്ഞ ജനുവരിയില്‍ ബിഹാറിലെ ലദുയ പഹാദ് ഉള്‍പ്പടെയുള്ള മാവോയിസ്റ്റ് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 162 ഇംപ്രവൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങള്‍ (ഐഇഡി) കണ്ടെത്തിയിരുന്നു. ബിഹാര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ലാദുയ പഹാദിലെ മാവോയിസ്‌റ്റ് ഒളിത്താവളങ്ങളില്‍ നിന്നാണ് 13 സ്‌ഫോടക വസ്‌തുക്കള്‍ പൊലീസിന് ലഭിക്കുന്നത്. ഇതെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതിനടുത്തുള്ള ഗുഹയില്‍ നിന്നും ഓരോ കിലോ ഭാരമുള്ള 149 ഐഇഡിയും സംയുക്ത സേന കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇവയെല്ലാം സേന സുരക്ഷിതമായി തന്നെ നിര്‍വീര്യമാക്കി. സ്‌ഫോടക വസ്‌തുക്കളുടെ വന്‍ ശേഖരം കണ്ടെത്തിയ സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്‌തിരുന്നു.
ഇതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വടക്കൻ കശ്‌മീരിലെ ബാരാമുള്ള ജില്ലയിലെ കുട്ട മോഡ് പട്ടനിൽ ഉഗ്രശേഷിയുള്ള (ഐഇഡി) സ്‌ഫോടക വസ്തു കണ്ടെത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്. ഇതിന് പിന്നാലെ ഇവ നിര്‍വീര്യമാക്കുന്നതിനായുള്ള സംഘത്തിന്‍റെ സഹായം തേടുകയും ഇതുവഴിയുള്ള വാഹനഗതാഗതം നിർത്തിവയ്‌ക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ ഇതിന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ലഷ്‌കർ ഇ ത്വയ്‌ബ കമാന്‍ഡർ താലിബ് ഹുസൈനെയും കൂട്ടാളി ഫൈസര്‍ അഹമ്മദ് ദാറിനെയും റിയാസി ജില്ലയിലെ ടക്‌സന്‍ ഢോക്ക് ഗ്രാമവാസികള്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചിരുന്നു. അടുത്തിടെ നടന്ന ഐഇഡി സ്ഫോടനത്തിന്‍റെ സൂത്രധാരനാണ് രജൗരി സ്വദേശിയായ താലിബ് ഹുസൈനെന്നും പൊലീസ് അറിയിച്ചിരുന്നു. മാത്രമല്ല പൗരന്മാരുടെ കൊലപാതകങ്ങളും ഗ്രനേഡ് സ്‌ഫോടനങ്ങള്‍ക്കും പുറമേ രജൗരി ജില്ലയിലെ മൂന്ന് ഐഇഡി സ്‌ഫോടനക്കേസുകളില്‍ താലിബ് ഹുസൈന് പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.