കേരളം

kerala

ETV Bharat / bharat

ഡല്‍ഹിയില്‍ കര്‍ഷകരും പൊലീസും ഏറ്റുമുട്ടുന്നു

സിംഗുവിലും, തിക്രിയിലും , ഗാസിപൂറിലും കര്‍ഷകര്‍ പൊലീസിന്‍റെ ബാരിക്കേഡുകള്‍ തകര്‍ത്തു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്‌തു.

By

Published : Jan 26, 2021, 1:47 PM IST

Farmers Protest Live  Farmers Protest Violence  farmers break police barricades  Police Barricades  Republic Day Tractor Rally
ഡല്‍ഹിയില്‍ കര്‍ഷകരും പൊലീസും നേര്‍ക്കുനേര്‍

ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്‌ടര്‍ റാലിക്കിടെ പൊലീസും കര്‍ഷകരും തമ്മില്‍ പലയിടത്തും സംഘര്‍ഷം. സിംഗുവിലും, തിക്രിയിലും , ഗാസിപൂറിലും കര്‍ഷകര്‍ പൊലീസിന്‍റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ മുന്നോട്ട് നീങ്ങിയത്. പ്രതിഷേധക്കാര്‍ പൊലീസിനെ അക്രമിക്കുകയും സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒ ജംഗ്‌ഷനില്‍ വെച്ച് പൊലീസ് വാഹനം തകര്‍ക്കുകയും ചെയ്‌തു. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്‌തു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ മെട്രോ സ്റ്റേഷനുകളെല്ലാം തന്നെ അടച്ചിരിക്കുകയാണ്.

നിശ്ചയിച്ച പാതകളിലൂടെ യാത്ര ചെയ്യാനായിരുന്നു നേരത്തെ പൊലീസ് കര്‍ഷക സംഘടനകളോട് നിര്‍ദേശിച്ചിരുന്നത്. റിപ്പബ്‌ളിക് ദിന പരേഡ് അവസാനിച്ചതിന് ശേഷമാണ് കര്‍ഷകര്‍ക്ക് ട്രാക്‌ടര്‍ റാലി നടത്താനുള്ള അനുമതി ഡല്‍ഹി പൊലീസ് നല്‍കിയത്. മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കര്‍ഷകര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. കര്‍ഷകരില്‍ ഒരു വിഭാഗം മോട്ടോര്‍ സൈക്കിളിലും കുതിരകളിലുമാണ് യാത്ര ചെയ്യുന്നത്. മാര്‍ച്ചില്‍ ഭാഗമായിരിക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും അതത് പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വിതരണം ചെയ്‌തിരുന്നു.

തങ്ങളുടെ പരേഡ് സമാധാനപരമായിരിക്കുമെന്നും റിപ്പബ്ലിക് ദിന പരേഡിനെ പ്രതികൂലമായി ബാധിക്കുന്നതൊന്നും ചെയ്യില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം കര്‍ഷക സംഘടനകള്‍ പറഞ്ഞിരുന്നത്. ട്രാക്‌ടര്‍ റാലിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയായിരുന്നു ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. അതേ സമയം ബജറ്റിനോടനുബന്ധിച്ച് ഫെബ്രുവരി 1ന് പാര്‍ലമെന്‍റിലേക്ക് കാല്‍നടയാത്രയും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് നവംബര്‍ 28 മുതല്‍ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ പ്രതിഷേധം ആരംഭിച്ചത്.

ABOUT THE AUTHOR

...view details