ന്യൂഡൽഹി:ഇന്തയിലാദ്യമായി 5.9 ദശലക്ഷം ടൺ ലിഥിയം ശേഖരം കണ്ടെത്തിയതായി കേന്ദ്ര സർക്കാർ. ജമ്മു കശ്‌മീരിലെ റിയാസി ജില്ലയിലെ സലാൽ-ഹൈമാന മേഖലയിൽ ലിഥിയത്തിന്‍റെ വൻ നിക്ഷേപം കണ്ടെത്തിയതായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) റിപ്പോർട്ട് ചെയ്‌തു. ലിഥിയം ഒരു നോൺ-ഫെറസ് ലോഹമാണ്. ഇ വി ബാറ്ററികളിലെ (ഇലക്‌ട്രിക് വെഹിക്കിൾ) പ്രധാന ഘടകങ്ങളിലൊന്നാണ് ലിഥിയം. ലിഥിയം ഖനിയുടെ കണ്ടെത്തലോടെ ഇലക്‌ട്രിക് വാഹനരംഗത്ത് വൻ കുതിച്ചുചാട്ടം നടത്താൻ ഇന്ത്യയ്‌ക്ക് കഴിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ.
ലിഥിയം, ഗോൾഡ് എന്നിവയുൾപ്പെടെ 51 ലോഹ- ധാതു നിക്ഷേപങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ വിവിധ സംസ്ഥാന സർക്കാരുകൾക്ക് കൈമാറിയിട്ടുണ്ട്. ഈ 51 മിനറൽ ബ്ലോക്കുകളിൽ, 5 ബ്ലോക്കുകൾ സ്വർണ്ണവും മറ്റ് ബ്ലോക്കുകളും പൊട്ടാഷ്, മോളിബ്‌ഡിനം, അടിസ്ഥാന ലോഹങ്ങൾ തുടങ്ങിയവയാണ്. ജമ്മു കശ്‌മീർ, ആന്ധ്രാപ്രദേശ്, ഛത്തീസ്‌ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന എന്നീ 11 സംസ്ഥാനങ്ങളിലായാണ് ഇവ വ്യാപിച്ചുകിടക്കുന്നത്.
2018-19 ഫീൽഡ് സീസണുകൾ മുതൽ ഇന്നുവരെ ജിഎസ്ഐ (GSI) നടത്തിയ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ബ്ലോക്കുകൾ തയ്യാറാക്കിയത്. ഇവ കൂടാതെ 7897 ദശലക്ഷം ടൺ വിഭവശേഷിയുള്ള കൽക്കരി, ലിഗ്നൈറ്റ് എന്നിവയുടെ 17 റിപ്പോർട്ടുകളും കൽക്കരി മന്ത്രാലയത്തിന് (Ministry of Coal) കൈമാറി. ജിഎസ്ഐ പ്രവർത്തിക്കുന്ന വിവിധ വിഷയങ്ങളെയും ഇടപെടലുകളെയും കുറിച്ചുള്ള ഏഴ് പ്രസിദ്ധീകരണങ്ങളും യോഗത്തിൽ പ്രകാശനം ചെയ്‌തു. 2023-24 വർഷത്തിൽ, 12 മറൈൻ മിനറൽ ഇൻവെസ്റ്റിഗേഷൻ പ്രൊജക്‌ടുകൾ ഉൾപ്പെടെ 318 ധാതു പര്യവേക്ഷണ പദ്ധതികൾ അടങ്ങുന്ന 966 പ്രോഗ്രാമുകൾ ജിഎസ്ഐ ഏറ്റെടുക്കുമെന്ന് മന്ത്രാലയം അറിയിച്ചു.