കേരളം

kerala

ETV Bharat / bharat

'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' ; കുപ്പിയിലെഴുതിയതിന്‍റെ 'വലിപ്പം അത്ര മതി'യെന്ന് ഡല്‍ഹി ഹൈക്കോടതി - മദ്യക്കൂപ്പിയിലെ മുന്നറിയിപ്പ്

എക്‌സൈസ് നിയമങ്ങൾ പ്രകാരമാണ് കുപ്പികളില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ഹൈക്കോടതി

എക്‌സൈസ് നിയമങ്ങൾ
"മദ്യാപനം ആരോഗ്യത്തിന് ഹാനീകരം"; കുപ്പിയിലെഴുതിയതിന്‍റെ 'വലിപ്പം അത്ര മതി'യെന്ന് ഹൈകോടതി

By

Published : Jul 4, 2022, 10:28 PM IST

ന്യൂഡല്‍ഹി :മദ്യക്കുപ്പിയില്‍ 'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്നെഴുതിയതിന് വലിപ്പം പോരെന്ന് ആരോപിച്ചുള്ള പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. എക്‌സൈസ് നിയമങ്ങൾ പ്രകാരമാണ് കുപ്പികളില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതില്‍ നിലവില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ, സുബ്രഹ്മണ്യം പ്രസാദ് എന്നിവരുടെ ബഞ്ചിന്‍റേതാണ് നിരീക്ഷണം. സിഗരറ്റ് പാക്കറ്റുകളിൽ ഉപയോഗിക്കുന്ന മുന്നറിയിപ്പിന് സമാനമായി മദ്യക്കുപ്പികളിലും പായ്ക്കറ്റുകളിലും ആരോഗ്യ മുന്നറിയിപ്പ് പ്രസിദ്ധീകരിക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി.

നിലവില്‍ എല്ലാ മദ്യക്കുപ്പികളിലും മുന്നറിയിപ്പുണ്ട്.തത്കാലം ഈ രീതി തുടര്‍ന്നാല്‍ മതി. എന്നാല്‍ ഹര്‍ജിയിലെ വിഷയം വളരെ ഗൗരവമുള്ളതാണെന്നും മദ്യത്തിനെതിരെ ബോധവത്കരണം ശക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ആരോഗ്യത്തിനുള്ള അവകാശം ഉറപ്പാക്കുന്നതിനായി വലിയ അക്ഷരത്തില്‍ മദ്യ കുപ്പികളില്‍ മുന്നറിയിപ്പ് നല്‍കണം എന്നായിരുന്നു ഹര്‍ജി.

നിലവില്‍ പാന്‍ മസാല, സിഗരറ്റ് പായ്ക്കറ്റുകളില്‍ വലിപ്പത്തില്‍ മുന്നറിയിപ്പുണ്ട്. ഇതിന് സമാനമായി മദ്യക്കുപ്പികളില്‍ ചേര്‍ക്കാന്‍ കോടതി ഡല്‍ഹി സര്‍ക്കാറിനോട് നിര്‍ദേശിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ രാജ്യത്ത് എക്സൈസിന് കൃത്യമായ നിയമങ്ങളുണ്ടെന്നും ഇതുപാലിച്ചാണ് മദ്യനിര്‍മാണ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Also Read: വിലകുറഞ്ഞവ ബാറിലുണ്ട്, ബിവറേജസില്‍ ഇല്ല: ഔട്ട്‌ലെറ്റുകളില്‍ വാക്കേറ്റം, ബാറുകളെ സഹായിക്കാനെന്ന് ആരോപണം

ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുയോ, മുന്നറിയിപ്പ് നല്‍കാതെ ഇരിക്കുകയോ ചെയ്യുന്നതിന് തെളിവുകളോ സംഭവങ്ങളോ ഹാജരാക്കാതെയാണ് പരാതിക്കാരന്‍ തങ്ങളെ സമീപിച്ചതെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ സംസ്ഥാന സർക്കാർ ഡൽഹിയെ ഇന്ത്യയുടെ മദ്യ തലസ്ഥാനമാക്കിയെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഡൽഹിയിൽ ആകെ 280 മുനിസിപ്പൽ വാർഡുകളുണ്ടെന്നും 2015 വരെ ശരാശരി 250 മദ്യശാലകൾ മാത്രമാണുണ്ടായിരുന്നതെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

മദ്യശാലയില്ലാത്ത 30 വാർഡുകള്‍ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സംസ്ഥാനം, എല്ലാ വാർഡുകളിലും മൂന്ന് മദ്യശാലകൾ വീതം തുറക്കാൻ പദ്ധതിയിടുകയാണ്. ഇത് ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും പരാതിക്കാരന്‍ ആരോപിച്ചു.

ABOUT THE AUTHOR

...view details