സിവാന്‍ (ബിഹാര്‍): സമ്പൂര്‍ണ മദ്യ നിരോധനം നിലനില്‍ക്കുന്ന ബിഹാറില്‍ പൊലീസുകാര്‍ നോക്കി നില്‍ക്കെ യുവാവിന്‍റ മദ്യ വില്‍പന പരസ്യം. യുവാവിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ബോട്ടിന്‍റെ മാതൃകയില്‍ ബോര്‍ഡ് ഘടിപ്പിച്ച തന്‍റെ ഇരുചക്ര വാഹനത്തിലാണ് യുവാവിന്‍റെ യാത്ര.
ബല്ലിയയില്‍ നിന്നുള്ള മദ്യം ദരൗലിയില്‍ മൊത്തമായും ചില്ലറയായും ലഭിക്കും എന്നെഴുതിയ ബോര്‍ഡാണ് യുവാവ് ബൈക്കില്‍ ഘടിപ്പിച്ചിരിക്കുന്നത്. ബിഹാറിനോട് ചേര്‍ന്ന് കിടക്കുന്ന ഉത്തര്‍പ്രദേശിന്‍റെ ഭാഗമാണ് ബല്ലിയ. ഇവിടെ ധാരാളമായി മദ്യ വില്‍പന നടക്കാറുണ്ട്.
ബല്ലിയയില്‍ നിന്ന് ബിഹാറിലേക്ക് വരുന്ന മദ്യം പലപ്പോഴും അതിര്‍ത്തിയില്‍ വച്ച് പിടികൂടുകയാണ് പതിവ്. മദ്യക്കടത്തില്‍ ബിഹാറിലെ സിവാനിലും ഗോപാൽഗഞ്ചിലും പൊലീസാണ് പലപ്പോഴും നടപടി സ്വീകരിക്കുന്നത്. എന്നാല്‍ സിവാനില്‍ പൊലീസുകാര്‍ക്ക് മുന്നിലൂടെ യുവാവ് മദ്യ വില്‍പനയുടെ പരസ്യം പതിച്ച വാഹനവുമായി പോകുന്ന വീഡിയോ ചർച്ചാവിഷയം ആയിരിക്കുകയാണ് ഇപ്പോള്‍.
ഈ വീഡിയോ ചിത്രീകരിക്കപ്പെട്ട തീയതി സംബന്ധിച്ച് സ്ഥിരീകരണമൊന്നുമില്ല. മദ്യം നിരോധിച്ച ബിഹാറില്‍ പൊലീസുകാര്‍ നോക്കി നില്‍ക്കെ ഇത്ര ധൈര്യത്തില്‍ മദ്യ വില്‍പനയുടെ പരസ്യം പതിച്ച വാഹനവുമായി പോയ യുവാവ് ആരാണെന്നുള്ള ചര്‍ച്ചകളാണ് വീഡിയോ വൈറലായതിന് പിന്നാലെ നടക്കുന്നത്. പൊലീസ് സ്‌റ്റേഷന്‍റെ മുൻവശത്ത് നിന്ന് യുവാവ് ബൈക്കിൽ ബോർഡുമായി കറങ്ങുന്നതും പൊലീസ് നിശബ്‌ദരായി നോക്കിനിൽക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
അയാള്‍ക്കെതിരെ ഒരു നടപടിയും പൊലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടായില്ല. അവിടെ കൂടിയിരുന്നവരും യുവാവിനെ നോക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ സിവാൻ എസ്‌പി ശൈലേഷ് കുമാർ സിൻഹ അന്വേഷണത്തിന് ഉത്തരവിട്ടു.
'മഹാവീരി മേളയുടെ സമയത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ബൈക്ക് യാത്രികൻ തന്‍റെ ബൈക്കിൽ ഏതോ ബോട്ടിന്‍റെ രൂപത്തിൽ മദ്യം വിതരണം ചെയ്യുന്നതിനെക്കുറിച്ച് എഴുതിയിരുന്നു. ശ്രമിച്ചിരുന്നെങ്കില്‍ അയാളെ പിടിക്കാമായിരുന്നു. അയാള്‍ക്കായുള്ള അന്വേഷണത്തിലാണ് ഞങ്ങള്‍. ഉടനെ തന്നെ നടപടി എടുക്കും,' പൊലീസ് ഓഫിസര്‍ രാകേഷ് കുമാർ പറഞ്ഞു.