കൊല്‍ക്കത്ത :പശ്ചിമ ബംഗാളിലെപാര്‍ക്ക് സ്‌ട്രീറ്റില്‍ ലിഫ്‌റ്റ് തകര്‍ന്ന് ഓപ്പറേറ്റര്‍ മരിച്ചു. ഏക്‌ബര്‍പൂരിലെ താമസക്കാരനായ റഹീം ഖാനാണ് മരിച്ചത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെയാണ് സംഭവം.
പാര്‍ക്ക് സ്‌ട്രീറ്റിലെ ഓം ടവറില്‍ മൂന്നാം നിലയില്‍ ലിഫ്‌റ്റിന്‍റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് അപകടം. ലിഫ്‌റ്റ് ഓപ്പറേറ്ററായ റഹീം ഖാനായിരുന്നു മുഴുവന്‍ ജോലികളുടെയും മേല്‍നോട്ട ചുമതല. ജോലികള്‍ വീക്ഷിക്കുന്നതിനായി ലിഫ്‌റ്റില്‍ കയറി പരിശോധന നടത്തുമ്പോള്‍ കേബിള്‍ പൊട്ടി താഴേക്ക് വീഴുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് പാര്‍ക്ക് സ്‌ട്രീറ്റ് പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ലിഫ്റ്റ് പൊളിച്ചാണ് ദുരന്ത നിവാരണ സേന മൃതദേഹം പുറത്തെടുത്തത്. ഓം ടവറിന്‍റെ ഉടമ രാജഗിരിയയോട് പൊലീസ് കാര്യങ്ങള്‍ അന്വേഷിച്ചു.
കെട്ടിടത്തില്‍ ലിഫ്‌റ്റിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനെ കുറിച്ച് അറിഞ്ഞിരുന്നോയെന്നും ആവശ്യമായ സുരക്ഷാനടപടികള്‍ സ്വീകരിച്ചിരുന്നോയെന്നും പൊലീസ് ആരാഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ലിഫ്‌റ്റ് തകര്‍ന്നുള്ള അപകടങ്ങളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലുണ്ടായ അപകടം : തലസ്ഥാന നഗരിയിലെ ആര്‍സിസിയില്‍ ലിഫ്‌റ്റ് തകര്‍ന്ന് ഒരു യുവതി മരിച്ചിരുന്നു. പത്തനാപുരം സ്വദേശിയായ നജീറ മോളാണ് അപകടത്തില്‍പ്പെട്ടത്. ലിഫ്‌റ്റ് താഴേക്ക് പതിച്ചുണ്ടായ അപകടത്തില്‍ നജീറയ്‌ക്ക് തലച്ചോറിനും തുടയെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നജീറ ചികിത്സയ്ക്കിടെ മരിച്ചു.
സംഭവത്തെ തുടര്‍ന്ന് നജീറയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. 20 ലക്ഷം രൂപയാണ് യുവതിയുടെ കുടുംബത്തിന് സര്‍ക്കാര്‍ കൈമാറിയത്. ആര്‍സിസിയില്‍ ചികിത്സയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അപകടമുണ്ടായത്.