താനെ: മഹാരാഷ്‌ട്രയില്‍ 40 നിലകളുളള കെട്ടിടത്തില്‍ ലിഫ്‌റ്റ് തകര്‍ന്ന് വീണ് ആറ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം (Lift collapse in Maharashtra). താനെയ്‌ക്ക് സമീപം ബൽകം എന്ന സ്ഥലത്തുളള റൺവാൾ ഗാർഡനിലാണ് സംഭവം നടന്നതെന്ന് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലോക്കല്‍ പൊലീസും, അഗ്നിശമന സേനാംഗങ്ങളും വാഹനങ്ങളും സംഭവ സ്ഥലത്ത് എത്തി അപകടത്തില്‍ മരിച്ചവരെയും പരിക്കേറ്റ ആളെയും പുറത്തെടുത്തു (Six workers die as lift collapses in Thane).
പുതുതായി നിർമിച്ച കെട്ടിടത്തിൽ വാട്ടർപ്രൂഫിങ് ജോലികൾ നടന്നു വരികയായിരുന്നു എന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മുതിർന്ന ടിഎംസി ഉദ്യോഗസ്ഥൻ അറിയിച്ചു. "കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ വാട്ടർ പ്രൂഫിങ് ജോലികൾ നടന്നു വരികയായിരുന്നു. ജോലി കഴിഞ്ഞ് തൊഴിലാളികൾ ഇറങ്ങി വരുന്നതിനിടെയാണ് ലിഫ്റ്റ് കയർ പൊട്ടിയതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
അപകടത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികൾ ബല്‍ക്കം അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. മുൻ ലോക്കൽ കൗൺസിലർ സഞ്ജയ് ബോയറും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തില്‍ പങ്കാളിയായി. ലിഫ്റ്റിൽ കുടുങ്ങിയ തൊഴിലാളികളെ നിലവില്‍ രക്ഷാസംഘം പുറത്ത് എത്തിച്ചതായി ടിഎംസി വൃത്തങ്ങൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.
മരിച്ചവരില്‍ മഹേന്ദ്ര ചൗപാൽ (32), രൂപേഷ് കുമാർ ദാസ് (21), ഹരുൺ ഷെയ്ഖ് (47), മിഥിലേഷ് (35), കരിദാസ് (38) എന്നീ തൊഴിലാളികളെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ ഒരാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സുനിൽ കുമാർ ദാസ് (21) എന്നയാള്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്.