വാരണാസി : തന്‍റെ മൊബൈല്‍ ഫോണിലേക്ക് വധ ഭീഷണി വന്നതായി പുറത്താക്കിയ ഗുസ്‌തി ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് സിങ്. വാരണാസിയിലെ ഭേലുപുര്‍ പൊലീസ് സ്റ്റേഷനില്‍ സഞ്ജയ് സിങ് പരാതി നല്‍കി (Sanjay Singh claims death threat).
അജ്ഞാതനായ ആളാണ് ഫോണില്‍ വിളിച്ച് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. തന്നോട് ഇയാള്‍ മോശമായി സംസാരിച്ചെന്നും സിങ് വ്യക്തമാക്കി (Suspended WFI chief Sanjay Singh). ജനുവരി പന്ത്രണ്ടിന് രാത്രി എട്ടരയ്ക്കും ഒന്‍പതരയ്ക്കുമിടയില്‍ ഇയാള്‍ പലവട്ടം തന്നെ വിളിച്ചു. എന്നാല്‍ അറിയാത്ത നമ്പര്‍ ആയത് കൊണ്ട് ഫോണ്‍ എടുത്തില്ല (Death threat over phone).
പിറ്റേദിവസം ഉച്ചയ്ക്ക് 12.17ന് വീണ്ടും അതേ നമ്പരില്‍ നിന്ന് ഫോണ്‍ വന്നു. അപ്പോള്‍ താന്‍ അത് എടുക്കുകയായിരുന്നു. അപ്പോഴാണ് തന്നെ തെറി പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തത്. പെട്ടെന്ന് തന്നെ ഫോണ്‍ കട്ടാകുകയും ചെയ്‌തു. പിന്നീട് 2.42നും 2.48നുമിടയില്‍ വീണ്ടും അതേ നമ്പരില്‍ നിന്ന് കോള്‍ വന്നു.
ഇത്തവണ ബിജെപി എംപി ബ്രിജ് ഭൂഷണെയും തന്നെയും ആക്ഷേപിച്ചു. പിന്നാലെ തന്നെ കൊല്ലുമെന്ന ഭീഷണിയുമുണ്ടായി. ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്‌തു. വീണ്ടും പലവട്ടം അതേ നമ്പരില്‍ നിന്ന് കോള്‍ വരുന്നുണ്ട്. തന്‍റെ കുടുംബം ആകെ പരിഭ്രമിച്ചിരിക്കുകയാണെന്നും സിങ് പരാതിയില്‍ പറയുന്നു.