മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ പൂർണകായ പ്രതിമ നിർമിക്കാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ. സച്ചിന്‍റെ പ്രിയ മൈതാനമായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മാസ്റ്റർ ബ്ലാസ്റ്റർക്ക് ആദരമൊരുക്കുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് അമോൽ കാലെയാണ് ഇക്കാര്യം അറിയിച്ചത്. സച്ചിന്‍റെ 50-ാം പിറന്നാളായ ഏപ്രിൽ 24ന് പ്രതിമയുടെ അനാച്ഛാദനം നിർവഹിക്കാനാണ് പദ്ധതിയിടുന്നത്.
അതേസമയം തന്‍റെ ക്രിക്കറ്റ് യാത്ര ആരംഭിച്ച മൈതാനത്ത് തന്നെ തന്‍റെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം വലിയ ആശ്ചര്യമാണ് സമ്മാനിച്ചതെന്നാണ് സച്ചിന്‍റെ പ്രതികരണം. 'ഞാൻ മുംബൈയെ പ്രതിനിധീകരിച്ച്, ഇന്ത്യയെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് യാത്ര ആരംഭിച്ചത് ഇവിടെ നിന്നാണ്.
2011ലെ ലോകകപ്പ് നേടിയത് എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമാണ്. ഇന്ത്യയെ പ്രതിനിധീകരിച്ച് എന്‍റെ അവസാന മത്സരം അവിസ്‌മരണീയമായിരുന്നു, അതും മുംബൈയിൽവച്ചായിരുന്നു. ചില പ്രത്യേക നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച മൈതാനമാണ് വാങ്കഡെയിലേത്.