മുംബൈ: 5,000 രൂപയുമായി ദലാല്‍ സ്‌ട്രീറ്റിലെ ഓഹരി വിപണിയിലെത്തിയ ഒരു കോളജ് വിദ്യാര്‍ഥിയില്‍ നിന്ന് രാജ്യത്തെ കോടീശ്വരന്‍മാരുടെ പട്ടികയില്‍ പതിനാലാമനായി മാറിയ രാകേഷ് ജുന്‍ജുന്‍വാല ഇന്ത്യന്‍ നിക്ഷേപ മേഖലയിലെ ഒരു ഇതിഹാസം തന്നെയാണ്. 1960 ജൂലൈ അഞ്ചിന് ഒരു ഇടത്തരം രാജസ്ഥാനി കുടുംബത്തിലായിരുന്നു ജുന്‍ജുന്‍വാലയുടെ ജനനം. അച്ഛന്‍ മുംബൈയില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നതിനാല്‍ ജുന്‍ജുന്‍വാലയുടെ വളര്‍ച്ചയും വിദ്യാഭ്യാസവുമെല്ലാം മുംബൈയില്‍ തന്നെയായിരുന്നു.
സൈധനം കോളജ് ഓഫ് കൊമേഴ്‌സ് ആന്‍റ് എക്കണോമിക്‌സില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്‌സ് ഓഫ് ഇന്ത്യയില്‍ തുടര്‍പഠനത്തിനായി ചേര്‍ന്നു. ജുന്‍ജുന്‍വാല ഓഹരി വിപണിയില്‍ ആകൃഷ്‌ടനാകുന്നതും അക്കാലത്താണ്. 1985ല്‍ വെറും 5,000 രൂപയുമായി ഓഹരി വിപണിയിലേക്ക് ഇറങ്ങുമ്പോള്‍ വിദ്യാര്‍ഥിയായിരുന്നു ജുന്‍ജുന്‍വാല.
അച്ഛന്‍റെ വാക്കുകളാണ് ജുന്‍ജുന്‍വാലക്ക് ഓഹരി വിപണിയിലെ പരീക്ഷണത്തിന് ഇറങ്ങാന്‍ പ്രചോദനമായത്. 1986ൽ ടാറ്റ ടീയുടെ 5,000 ഓഹരികൾ 43 രൂപയ്‌ക്ക് വാങ്ങുകയും മൂന്ന് മാസത്തിനുള്ളിൽ സ്റ്റോക്ക് 143 രൂപയായി ഉയരുകയും ചെയ്‌തപ്പോൾ അദ്ദേഹം തന്‍റെ ആദ്യത്തെ മികച്ച ലാഭം നേടി. മൂന്ന് വർഷം കൊണ്ട് 20-25 ലക്ഷം രൂപയാണ് ജുന്‍ജുന്‍വാല സമ്പാദിച്ചത്.
1985ൽ ജുൻജുൻവാല 5000 രൂപ മൂലധനമായി നിക്ഷേപിച്ചത്, 2018 സെപ്റ്റംബറോടെ 11,000 കോടി രൂപയായി ഉയർന്നു. അദ്ദേഹം ഓഹരി വിപണിയിലേക്ക് ഇറങ്ങുമ്പോൾ സെൻസെക്‌സ് 150 പോയിന്‍റിലായിരുന്നു വ്യാപാരം നടത്തിയിരുന്നത്. വിദ്യാഭ്യാസം കൊണ്ട് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ആണെങ്കിലും ഓഡിറ്റിങ് ഒരിക്കലും ജുന്‍ജുന്‍വാലയുടെ മനസ് കീഴടക്കിയില്ല.