ന്യൂഡല്‍ഹി : കൊവിഡ് മഹാമാരിയുടെ വരവോടെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍.ഐ.സി)യുടെ പോളിസികളില്‍ വന്‍ ഇടിവ് നേരിട്ടതായി കമ്പനി അറിയിച്ചു. വ്യക്തിഗത, ഗ്രൂപ്പ് പോളിസികളിലാണ് കനത്ത ഇടിവ് നേരിട്ടത്. 2019ല്‍ 75 ദശലക്ഷം പോളിസികളാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍ ഇത് 2020ല്‍ 16 ശതമാനം കുറഞ്ഞ് 62.43 ദശലക്ഷത്തിലെത്തി. 2021ല്‍ 15.84 ശതമാനം കുറഞ്ഞ് 52.54 ദശലക്ഷമായി താഴ്ന്നു.
സ്ഥാപനം പുറത്തിറക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് പ്രകാരം നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ലോക്‌ഡൗണും രോഗവും വലിയ തകര്‍ച്ചയാണ് പോളിസി വില്‍പ്പനയില്‍ ഉണ്ടാക്കിയത്. 2019 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ എൽഐസി 3.55 ദശലക്ഷം പോളിസികൾ വിറ്റഴിച്ചിരുന്നു.
Also Read: ഫെബ്രുവരി 28നകം പാൻ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് എല്‍ഐസി
കൊവിഡ് പശ്ചാത്തലത്തില്‍ 2020 മുതല്‍ സ്ഥാപനം ഇലക്‌ട്രോണിക് പോളിസികള്‍ പുറത്തിറക്കാന്‍ ആരംഭിച്ചിരുന്നു. ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ കൂടുതല്‍ പേരിലേക്ക് എത്തുന്നതിന്‍റെ ഭാഗമായായിരുന്നു നീക്കം. എന്നാല്‍ സ്ഥാപനത്തിന്‍റെ പ്രീമിയത്തിന്‍റെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായത് പ്രതിസന്ധിയായി. മരണ ഇൻഷുറൻസ് ക്ലെയിമുകൾ വർദ്ധിച്ചതും പ്രതിസന്ധി വര്‍ധിപ്പിച്ചു.
2019 സാമ്പത്തിക വർഷം 17,527.98 കോടി, 2020 സാമ്പത്തിക വർഷം 223,973.21കോടി, 2021 സെപ്റ്റംബർ 30 ന് അവസാനിച്ച ആറ് മാസങ്ങളിൽ 23,934.26 എന്നിങ്ങനെയായിരുന്നു മരണ ക്ലെയിമുകള്‍ കൊടുത്തതെന്നും കമ്പനി വ്യക്തമാക്കുന്നു. രോഗവ്യാപനത്തിന്‍റെ പ്രതിഫലനങ്ങളും സര്‍ക്കാര്‍ പോളിസികളും അനുസരിച്ചാകും മുന്നോട്ടുള്ള കമ്പനിയുടെ തീരുമാനങ്ങളെന്നും റിപ്പോര്‍ട്ടിലുണ്ട്.