പുൽവാമ (കശ്‌മീർ): 32 വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാസ്വാദനത്തിന്‍റെ ബിഗ് സ്ക്രീൻ തുറന്ന് കശ്‌മീർ താഴ്‌വര. കശ്‌മീരിലെ പുൽവാമ, ഷോപിയാൻ ജില്ലകളിൽ മൾട്ടിപർപ്പസ് സിനിമ തിയേറ്റർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ ഉദ്‌ഘാടനം ചെയ്‌തു. ജമ്മു കശ്‌മീരിന് ചരിത്ര ദിനം എന്നാണ് മനോജ് സിൻഹ വിശേഷിപ്പിച്ചത്.
ഇത്തരത്തിലുള്ള സിനിമ തിയേറ്ററുകൾ ജമ്മു കശ്‌മീരിലെ എല്ലാ ജില്ലകളിലും ഉടൻ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിനിമ പ്രദർശനത്തിന് പുറമെ ഇൻഫോടെയ്ൻമെന്‍റ്, യുവജനങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ അടങ്ങിയതാണ് ഉദ്‌ഘാടനം ചെയ്‌ത തിയേറ്ററുകൾ.
കശ്‌മീരിൽ സിനിമ തിയേറ്ററുകൾ തുറന്നു ഇവ കൂടാതെ ശ്രീനഗറിലെ സോവാർ പ്രദേശത്ത് ആദ്യത്തെ ഐനോക്‌സ് മൾട്ടിപ്ലക്‌സ് തിയേറ്റർ അടുത്തയാഴ്‌ച തുറക്കും. 520 സീറ്റുകളുള്ള മൂന്ന് സ്ക്രീനുകളായിരിക്കും ഇവിടെയുണ്ടാകുക. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കശ്‌മീരിൽ വരുന്ന ആദ്യ മൾട്ടിപ്ലക്‌സ് ആണിത്. കുട്ടികൾക്ക് വിനോദത്തിനായുള്ള പ്രത്യേക ക്രമീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കശ്‌മീരിൽ സിനിമ തിയേറ്ററുകൾ തുറന്നു മുൻപ് നിരവധി തിയേറ്ററുകൾ ഉണ്ടായിരുന്ന ജമ്മു കശ്‌മീരിൽ 1990കളിൽ തീവ്രവാദം വ്യാപകമായതിനെ തുടർന്നാണ് അടച്ചുപൂട്ടേണ്ടിവന്നത്. എൺപതുകളിൽ കശ്‌മീരിൽ 15 തിയേറ്ററുകൾ ഉണ്ടായിരുന്നു. ഇവയെല്ലാം അടച്ചുപൂട്ടി. ഇതിൽ ചിലത് സുരക്ഷ സേനയുടെ ക്യാമ്പുകളാക്കി മാറ്റി. ചിലത് ഹോട്ടലുകളും ആശുപത്രികളുമാക്കി. ബാക്കിയുള്ളവ ഉപയോഗമില്ലാതെ നശിച്ചു.
1999ൽ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്‌ദുല്ല വീണ്ടും കശ്‌മീരിൽ തിയേറ്ററുകൾ തുറക്കാൻ ശ്രമിച്ചെങ്കിലും ആദ്യ പ്രദർശനത്തിനിടെ ഭീകരാക്രമണമുണ്ടായി. ഇതിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. അതോടെ വീണ്ടും അടച്ചുപൂട്ടുകയായിരുന്നു.