ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ പൊലീസും സുരക്ഷാസേനയും സംയുക്തമായി മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്‌തതു. ജമ്മു കശ്‌മീരിലെ ബാരാമുള്ളയിലെ സോപോറിൽ നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്യിബയുടെ (എല്‍ഇടി) ഭീകരരെയാണ് പിടികൂടിയത്. തീവ്രവാദികളുടെ നീക്കത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെ തുടർന്ന് വഡൂര ബാലയിലെ സുൻവാനി പാലത്തിന് സമീപം പോലീസും ആർമിയുടെ 22 ആർആർ, സിആർപിഎഫും ചേർന്ന് ചെക്ക്പോസ്റ്റ് സ്ഥാപിച്ചു.
തുടർന്ന് നടത്തിയ തെരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. സംഭവസ്ഥലത്ത് നിന്ന് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തന്ത്രപരമായി പിടികൂടുകയായിരുന്നു. ബ്രത്‌കലാനിലെ താമസക്കാരായ തുഫൈൽ മജീദ് മിർ, ഒവൈസ് അഹമ്മദ് മിർ, വാർപോറയിലെ താമസക്കാരനായ ഷബീർ അഹമ്മദ് വാഗേ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്.