ന്യൂഡൽഹി : ഈ വർഷം വേനലിൽ പതിവിലും ചൂട് കൂടുതലായിരിക്കുമെന്നും രാജ്യത്ത് പലയിടത്തും വരൾച്ച ഉണ്ടാകാനുള്ള സാധ്യതയുള്ളതായും റിപ്പോർട്ട്. ഇത്തവണ മഴ ദീർഘകാല ശരാശരിയേക്കാൾ നാല് ശതമാനം കുറവായിരിക്കും. മൺസൂൺ കാലത്ത് ഇന്തോ - പസഫിക് മേഖലയിൽ വികസിക്കാൻ സാധ്യതയുള്ള എൽ നിനോ (El Nino) സാഹചര്യങ്ങളാണ് മൺസൂണ്‍ ലഭ്യത കുറയാന്‍ കാരണം. ഇത് ഏഷ്യയിലേയും അമേരിക്കയിലേയും കാലാവസ്ഥയെ ബാധിക്കും.
എന്താണ് എൽ നിനോ? :സ്‌പാനിഷ് ഭാഷയിൽ എൽ നിനോ എന്നാൽ ചെറിയ കുട്ടി എന്നാണ് അർഥമാക്കുന്നത്. പതിനാറാം നൂറ്റാണ്ട് മുതൽ പസഫിക് സമുദ്രത്തിലെ അസാധാരണമായ താപനിലയെ കുറിച്ച് ബോധവാന്മാരായ അമേരിക്കൽ മത്സ്യത്തൊഴിലാളികൾ ഈ അസാധാരണമായ പ്രതിഭാസത്തെ വിളിക്കുന്ന പേരാണ് എൽ നിനോ. സാധാരണയായി ഡിസംബറിലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. പസഫിക് സമുദ്രത്തിലെ സാധാരണ കാലാവസ്ഥയില്‍ ഭൂമധ്യ രേഖയിലൂടെ പടിഞ്ഞാറ് ഭാഗത്തേയ്‌ക്ക് വീശുന്ന കാറ്റ് ദുർബലമാകും.
ഇതേ തുടർന്ന് ചൂട് കൂടിയ സമുദ്രജലം കിഴക്കോട്ട് ഒഴുകുകയും സമുദ്ര നിരപ്പിലെ ചൂട് കൂടുതലുള്ള വെള്ളത്തിന് പകരമായി സമുദ്രത്തിന്‍റെ ആഴമേറിയ ഭാഗങ്ങളിൽ നിന്ന് തണുത്ത വെള്ളം ഉയർന്നുവരികയും ചെയ്യുന്ന പ്രക്രിയാണ് 'ഉയർച്ച' (upwelling). ഈ പ്രതിഭാസം ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മൺസൂണിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. എൽ നിനോ മുഖേന ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ഒൻപത് മുതൽ 12 മാസം വരെ നീണ്ടുനിൽക്കുന്നതാണ്.