ശ്രീനഗര്‍: മനുഷ്യന്‍റെ ആവാസ വ്യവസ്ഥയില്‍ വന്യജീവികള്‍ വിഹരിക്കുന്നത് ജമ്മുകാശ്‌മീരിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തല വേദനയായിരിക്കുകയാണ്. കരടിയുടെയും പുള്ളിപ്പുലികളുടെയും കാല്‍പാടുകള്‍ ആവാസവ്യവസ്ഥകളില്‍ കണ്ടതോടെ ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ന്നിരിക്കുകയാണ്. നേരത്തെ വനാതിര്‍ത്തികളിലും മലമ്പ്രദേശത്തും താമസമാക്കിയ ജനങ്ങളെയായിരുന്നു വന്യജീവി എന്ന പ്രശ്‌നം ഏറ്റവും കൂടുതല്‍ അലട്ടിയിരുന്നത്.
എന്നാല്‍, മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ശ്രീനഗര്‍ പോലുള്ള സ്ഥലങ്ങളിലും വന്യമൃഗങ്ങളുടെ സാന്നിധ്യം അധികമായിരിക്കുകയാണ്. ജനവാസ മേഖലകളില്‍ രാത്രി കാലങ്ങളില്‍ മൃഗങ്ങള്‍ ചുറ്റിത്തിരിയുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുകയാണ്. ചുറ്റത്തിരിയുന്ന മൃഗങ്ങളെ കണ്ടെത്തി തിരികെ വനത്തിലേയ്‌ക്ക് അയക്കുമെന്നും ജനങ്ങളെ ഇതുവരെ ഇവ ആക്രമിച്ചില്ലെന്നും വനം വകുപ്പ് അറിയിച്ചു.
പുലിയെ കണ്ടെത്തിയത് നഗരത്തിനടുത്തുള്ള പ്രദേശത്ത്: ഫെബ്രുവരി 23ന് ശ്രീനഗറില്‍ പുള്ളിപ്പുലയെ കണ്ടെത്തിയ വിവരം ജനങ്ങള്‍ വനം വകുപ്പിനെ അറിയിച്ചിരുന്നു. ഒന്നിലധികം പുള്ളിപ്പുലികള്‍ പ്രദേശത്തു കൂടി ചുറ്റിത്തിരിയുന്നതായി ജനങ്ങള്‍ പറഞ്ഞു. ലാല്‍ ചൗക്ക് സിറ്റി സെന്‍ററില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് ഇവയെ കണ്ടെത്തിയത്.
വിവരം ലഭിച്ചയുടന്‍ തന്നെ വനം വകുപ്പ് അധികൃതര്‍ പുള്ളിപ്പുലിയെ പിടികൂടുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല. നിലവില്‍ പുള്ളിപുലിയെ പിടികൂടുവാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുലി ജനങ്ങളെ ഉപദ്രവിച്ചില്ലെങ്കിലും പ്രദേശത്ത് ഭീതി പടര്‍ന്നിരിക്കുകയാണ്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശവാസികളെ ബോധവത്‌കരിക്കുവാനുള്ള ശ്രമവും വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 'പുള്ളിപ്പുലിയെ പിടികൂടുവാന്‍ സ്ഥലത്ത് ഞങ്ങളുടെ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. നിലവില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥലത്ത് ഉണ്ടോ എന്ന് അറിയില്ല'.
ഭീതിയില്‍ ജനങ്ങള്‍: 'ഞങ്ങളുടെ കാമറിയില്‍ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ സംഘം സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. കാരണം, പ്രദേശത്ത് അത്രയധികം ഭീതി പടര്‍ന്നിരിക്കുകയാണ്'- വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അല്‍ത്താഫ് ഹുസൈന്‍ പറഞ്ഞു.
'പുള്ളിപ്പുലികള്‍ സൂത്രധാരികളും വളരെ വേഗത ഏറിയ ജീവിയുമായതിനാല്‍ പിടികൂടാന്‍ പ്രയാസമാണ്. 2021ല്‍ ബുധ്‌ഗാമില്‍ വിഹരിച്ച പുള്ളിപ്പുലിയെ പിടികൂടാന്‍ ഒരു മാസം വരെ സമയമെടുത്തു. ചില അവസരങ്ങളില്‍ വളരെ വേഗത്തില്‍ തന്നെ മൃഗങ്ങളെ പിടികൂടുവാന്‍ സാധിക്കും'.
'നിലവില്‍ പുള്ളിപ്പുലിയുടെ സാന്നിധ്യമുള്ള പ്രദേശത്തെ വനം വളരെയധികം തിങ്ങിനിറഞ്ഞതാണ്. അതിനാല്‍ തന്നെ പുള്ളിപ്പുലിയ്‌ക്ക് എളുപ്പത്തില്‍ ഒളിക്കാന്‍ സാധിക്കും. അടുത്തിടെ ലസ്‌ജാനില്‍ നിന്നും ഒരു പുള്ളിപ്പുലിയെ വെറും 30 മിനിറ്റ് സമയമെടുത്താണ് പിടികൂടിയത്'- അല്‍ത്താഫ് ഹുസൈന്‍ വ്യക്തമാക്കി.
പോരാട്ടം തുടരും: 'ഭൂപ്രദേശത്തിന്‍റെ പ്രത്യേകതകള്‍ അനുസരിച്ച് വന്യമൃഗങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ തന്നെ ജനവാസ മേഖലയില്‍ കടക്കുവാന്‍ സാധിക്കും. നിലവില്‍ ചുറ്റിത്തിരിയുന്ന പുലിയെ പിടികൂടിയാലും മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള പോരാട്ടം ഈ പ്രദേശത്ത് അവസാനിക്കുവാന്‍ പോകുന്നില്ല. മൃഗങ്ങള്‍ക്ക് ഇവിടെ നിന്നും അടുത്തുള്ള വനത്തിലേയ്‌ക്ക് സഞ്ചരിക്കുവാന്‍ എളുപ്പമാണ്'.