ഗിർ സോംനാഥ് :നരഭോജിയായ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഉറക്കം നഷ്‌ടമായി ഗുജറാത്തിലെ മഠാന ഗ്രാമം. ഗിർ സോമനാഥ് ജില്ലയിലെ സൂത്രപദ താലൂക്കിൽപെട്ട ഈ മേഖലയിൽ കുട്ടിയടക്കം രണ്ട് പേരാണ് കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്‌ച (15.08.2023) രാത്രി 10 മണിയോടെ ജനവാസ മേഖലയിലെത്തിയ പുള്ളിപ്പുലി രണ്ട് വയസുള്ള കുട്ടിയേയാണ് ആദ്യം ആക്രമിച്ചത്. വീടിനടുത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. രാത്രിയിൽ കുട്ടിക്കായി നടത്തിയ തെരച്ചിലിനൊടുവിൽ വീട്ടിൽ നിന്ന് 500 മീറ്റർ അകലെ കരിമ്പ് തോട്ടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന 75-കാരനെയാണ് പുലി ആക്രമിച്ചത്. വീട്ടുകാർ ബഹളം വച്ചതോടെ വയോധികനെ ഉപേക്ഷിച്ച് പുലി രക്ഷപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ വീണ്ടും ജനവാസ മേഖലയിൽ തിരികെയെത്തിയ പുലി മറ്റൊരു വയോധികനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർച്ചയായി മൂന്ന് തവണ മേഖലയിൽ പുലിയുടെ ആക്രമണം ഉണ്ടായിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിൽ അധികൃതർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. പുലിയെ പിടികൂടുന്നതിനായി പ്രദേശത്ത് എട്ട് കൂടുകൾ സ്ഥാപിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പുലിയുടെ ആക്രമണത്തിൽ ഗ്രാമത്തിലെ ജനങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് ആക്രമണത്തിന് ഇരയായ വയോധികന്‍റെ ബന്ധുവായ ദീപുഭായ് നകും മാധ്യമങ്ങളോട് പറഞ്ഞു. 'ഞങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ വരെ ഭയപ്പെടുന്നു. ആക്രമണകാരിയായ പുലിയെ പിടികൂടാൻ വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം'- ദീപുഭായ് നകം പറഞ്ഞു.