ബോക്‌സോഫിസ് കലക്ഷനുകളില്‍ പുതിയ റെക്കോർഡുകൾ (Leo Box Office Collection Records) സ്ഥാപിച്ചു കൊണ്ട് മുന്നേറുകയാണ് ദളപതി വിജയ് ചിത്രം 'ലിയോ' (Vijay movie Leo). 'വിക്രം' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിജയ് ചിത്രവുമായി ലോകേഷ് കനകരാജ് എത്തുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ വാനോളം ആയിരുന്നു. ചിത്രം ഇറങ്ങുന്നതിന് മുമ്പ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ ഫ്രാഞ്ചൈസി ആയിരിക്കുമോ 'ലിയോ' എന്നതായിരുന്നു പ്രേക്ഷകർക്ക് ആദ്യം അറിയേണ്ടിയിരുന്നത്.
കാത്തിരിപ്പുകൾക്ക് ഒടുവിൽ റിലീസ് ചെയ്‌ത 'ലിയോ' (Leo) പ്രേക്ഷകരെ ഒട്ടും തന്നെ നിരാശരാക്കാതെ തിയേറ്ററുകളിൽ വെന്നിക്കൊടി പാറിച്ചു. റിലീസിന് രണ്ട് ദിവസത്തിന് ശേഷമാണ് ചിത്രത്തെ കുറിച്ച് സമ്മിശ്രമായ ചില പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ അലയടിച്ചു തുടങ്ങുന്നത്. സിനിമയിൽ ഏറ്റവും അധികം പഴികേട്ടത് ഇന്‍റര്‍വെല്ലിന് ശേഷമുള്ള കഥ പറച്ചിലിനെ കുറിച്ചായിരുന്നു.
ഒപ്പം അനിരുദ്ധ് രവി ചന്ദറുടെ സംഗീതത്തെ കുറിച്ചും വിമർശനം ഉണ്ടായി. നിരവധി വിദേശ ഭാഷ ആൽബങ്ങളുമായി 'ലിയോ'യുടെ സംഗീതത്തിന് സാമ്യം ഉണ്ടെന്നായിരുന്നു പ്രധാന വിമർശനം. പക്ഷേ സിനിമയുടെ ആസ്വാദനത്തെ സംഗീതം ഒരു തരത്തിലും ബാധിക്കാത്തതിനാൽ അത്തരം വിമർശനങ്ങൾ പെട്ടെന്ന് തന്നെ കെട്ടടങ്ങി. എന്നാൽ ഓരോ ദിവസം കഴിയുമ്പോഴും കനല്‍ പോലെ എരിഞ്ഞു കൊണ്ടിരിക്കുന്ന വസ്‌തുത ആയിരുന്നു സിനിമയുടെ ഫ്ലാഷ് ബാക്ക് പറയുന്ന ഭാഗം.
ലോകേഷ് എന്ന സംവിധായകന്‍റെ ഭാഗത്തു നിന്ന് ഇത്തരത്തിൽ ഒരു നിലവാരം ഇല്ലാത്ത ഫ്ലാഷ്‌ബാക്ക് ഒരിക്കലും പ്രതീക്ഷിച്ചില്ല എന്ന് സോഷ്യൽ മീഡിയ മുറവിളി കൂട്ടി. സിനിമയുടെ പ്രാരംഭ ഘട്ട ചർച്ചകൾ നടക്കുമ്പോൾ കഥാതന്തുവിൽ ഉണ്ടായിരുന്ന കല്ലുകടി നിർമാതാവ് ലളിത് കുമാറിന്‍റെ നിർദേശ പ്രകാരം ലോകേഷ് കനകരാജ് തിരുത്തുക ഉണ്ടായിരുന്നു. ഒരു തമിഴ് ചാനൽ നൽകിയ ഇന്‍റര്‍വ്യൂവിനിടയിലാണ് ലളിത് കുമാർ ഈ കാര്യം തുറന്നു പറഞ്ഞത്.
ലളിത് കുമാറിന്‍റെ വാക്കുകൾ ഉയർത്തിക്കാട്ടി സിനിമയിലെ ഈ ഭാഗം നിർബന്ധിതമായി ലോകേഷിനെ കൊണ്ട് മാറ്റി ചെയ്യിച്ചതാണെന്ന് സോഷ്യൽ മീഡിയ ഒരു തീരുമാനത്തില്‍ എത്തി. ലോകേഷ് ആദ്യം നിർമാതാവിനോട് പറഞ്ഞ കഥ വഴി മികച്ചതായിരിക്കുമെന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം. എന്തിന് ലോകേഷിന്‍റെ കഥാസ്വാതന്ത്ര്യത്തിൽ ഇടപെട്ടു? എന്ന ചോദ്യങ്ങൾ നാലു ഭാഗത്തു നിന്നും ഉയർന്നു.
എന്നാൽ ഫ്ലാഷ്‌ബാക്ക് ആണോ തിരുത്തി എഴുതാൻ നിർമാതാവ് ആവശ്യപ്പെട്ടത് എന്നതിനെ കുറച്ച് പിന്നീട് അണിയറ പ്രവർത്തകരുടെ ഭാഗത്തു നിന്നും വ്യക്തത ലഭിച്ചില്ല. അഭിപ്രായ പ്രകടനങ്ങൾ കെട്ടടങ്ങി മികച്ച കലക്ഷനുമായി 'ലിയോ' ഒരു ഭാഗത്ത് കൂടി തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്‌ചവച്ചു കൊണ്ടിരിക്കുന്നു. അപ്പോഴാണ് പോസ്‌റ്റ് റിലീസ് പ്രൊമോഷന്‍റെ ഭാഗമായി ഒരു തമിഴ് ചാനലിന് സംവിധായകൻ ലോകേഷ് കനകരാജ് അഭിമുഖം കൊടുക്കുന്നത്.